പാത നവീകരിച്ചു; വേഗത നിയന്ത്രിക്കാൻ സംവിധാനമില്ല
text_fieldsമുണ്ടൂർ: പ്രധാന പാതകൾ നവീകരിച്ച് വീതി കൂട്ടിയെങ്കിലും അപകടഭീഷണി ഒഴിവായില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാത, മുണ്ടൂർ -തൂത പാത, പാലക്കാട്, മണ്ണാർക്കാട് റോഡുകൾ എന്നിവ സംഗമിക്കുന്ന മുണ്ടൂർ ജങ്ഷനിലാണ് വാഹനങ്ങൾക്ക് കടിഞ്ഞാണില്ലാത്തത് വിനയായത്. റോഡ് നവീകരണം പൂർത്തിയായതോടെ അമിതവേഗത്തിലാണ് വാഹനങ്ങൾ ഈ വഴി സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് ടാങ്കർ ലോറിയിൽ കുടുങ്ങി അപകടത്തിൽപ്പെട്ടു. തലനാരിഴക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നവരും അപകടത്തിൽ പെടാനിടയുണ്ട്. വാഹനങ്ങളുടെ അതിവേഗത നിയന്ത്രിക്കാൻ സിഗ്നൽ സ്ഥാപിക്കണമെന്നും സൂചന ബോർഡുകൾ ഘടിപ്പിക്കണമെന്നുമാണ് ജനകീയ ആവശ്യം.

