പരുത്തിപ്പുള്ളി വില്ലേജ് ഓഫിസ് തകർച്ച ഭീഷണിയിൽ; കെട്ടിടം പുതുക്കിപ്പണിയാൻ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതി
text_fieldsപെരിങ്ങോട്ടുകുറുശ്ശി: കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ വില്ലേജ് ഓഫിസിൽ ജീവനക്കാർ ജോലി ചെയ്യുന്നത് ജീവനും മുറുകെപിടിച്ച്. കെട്ടിടം പുതുക്കിപ്പണിയാൻ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതി. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ പരുത്തിപ്പുള്ളിയിലുള്ള നമ്പർ 1 വില്ലേജ് ഓഫിസിലാണ് ജീവനക്കാരും പലവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്ന പൊതുജനങ്ങളും ആശങ്കയിലുള്ളത്.
1986 ആഗസ്റ്റ് 30ന് വി.എസ്. വിജയരാഘവൻ എം.പി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ വിള്ളൽ വീണ് ചോർച്ചയായിട്ട് വർഷങ്ങളായി. പല ഭാഗങ്ങളിലും മേൽക്കൂരയിലെ സിമൻറ് തേപ്പ് അടർന്ന് വീണിട്ടുണ്ട്.
ചുമരുകൾ വിണ്ടുകീറിയതും പ്രശ്നമാണ്. കമ്പ്യൂട്ടറും വിലപ്പെട്ട രേഖകളും നനയാതെ സൂക്ഷിക്കാൻ ജീവനക്കാർ പെടാപ്പാട് പെടുകയാണ്.
അപകടാവസ്ഥയിലായ കെട്ടിടം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും പുതിയ കെട്ടിടം പണിയാൻ സ്ഥലമില്ലെന്ന് വാദമുന്നയിച്ച് നിരസിക്കുകയായിരുന്നുവെന്നും പറയുന്നു. എന്നാൽ, ഇത്രയൊന്നും കേടുപാടുകളില്ലാത്ത പെരിങ്ങോട്ടുകുറുശ്ശി നമ്പർ 2 വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം പണിയാൻ അനുമതി ലഭിച്ചതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

