പന്നിയങ്കര ടോൾ തർക്കം; ജനകീയ പ്രതിഷേധം ഫലവത്താകുന്നു
text_fieldsവടക്കഞ്ചേരി: അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിച്ച് പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാനുള്ള പന്നിയങ്കര ടോൾ കമ്പനിയുടെ നീക്കങ്ങൾക്കെതിരെ ഉയർന്ന ശക്തമായ ജനരോഷം ഫലം കാണുന്നു. ടോൾ കേന്ദ്രത്തിന്റെ ഏഴ് കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ പുതിയ വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും സൗജന്യ ടോൾ പാസിനായുള്ള അപേക്ഷകൾ കമ്പനി വീണ്ടും സ്വീകരിച്ച് തുടങ്ങി. എങ്കിലും, ജില്ല കലക്ടറുടെ അധ്യക്ഷതയിലെടുത്ത തീരുമാനങ്ങളിൽനിന്ന് ടോൾ കമ്പനി പിന്നാക്കം പോകുന്നത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിനിടയാക്കുന്നുണ്ട്.
ഔദ്യോഗിക ചർച്ചകളിൽ മൂന്ന് മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഈ ഏകപക്ഷീയ വ്യവസ്ഥ ഇപ്പോഴും അടിച്ചേൽപ്പിക്കാൻ കമ്പനി ശ്രമിക്കുന്നു. സാധാരണക്കാരുടെ ഉപജീവനമാർഗമായ നാലുചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യ പാസ് അനുവദിക്കുന്നതിൽ കമ്പനി ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.
ഓഫിസ് സമയങ്ങളിൽ (രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ) അപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും, ഓണാഘോഷ അവധികൾ കാരണം ആഗസ്റ്റ് 21ന് ഓഫിസിന് അവധിയായിരിക്കും. 31നകം പരമാവധി ആളുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ പന്തലാംപാടം സംയുക്ത സമരസമിതി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുൻ അനുഭവങ്ങൾ തെളിയിക്കുന്നതിനാൽ, കലക്ടറേറ്റ് തീരുമാനങ്ങൾ പൂർണമായി നടപ്പാക്കുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെയും സമരസമിതിയുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

