ജില്ലയിൽ മൂന്ന് മാസം കൊണ്ട് ക്ലീൻ കേരള കമ്പനി നീക്കിയത് 2707 ടൺ മാലിന്യം
text_fieldsപാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും സർക്കാർ സ്ഥാപനങ്ങളിൽനിന്നുമായി ക്ലീൻ കേരള കമ്പനി കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നീക്കം ചെയ്തത് 2707 ടൺ അജൈവ മാലിന്യം. ജൂലൈയിൽ 910 ടൺ, ആഗസ്റ്റിൽ 944 ടൺ, സെപ്റ്റംബറിൽ 853 ടൺ എന്നിങ്ങനെയാണ് മാലിന്യം നീക്കം ചെയ്തത്.
സെപ്റ്റംബറിൽ പുനഃചംക്രമണ യോഗ്യമല്ലാത്ത 542 ടൺ പ്ലാസ്റ്റിക്കാണ് നീക്കിയത്. ഇതിൽ പാലക്കാട് നഗരസഭയിൽനിന്ന് മാത്രം 95 ടൺ റിജക്റ്റഡ് മാലിന്യം ശേഖരിച്ചു. പുനരുപയോഗിക്കാനാവുന്ന എട്ട് ടൺ മാലിന്യം ഹരിതകർമ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഒറ്റപ്പാലം നഗരസഭ 27 ടൺ അജൈവ മാലിന്യമാണ് നീക്കം ചെയ്തത്. ഇതിൽ 12 ടൺ പുനരുപയോഗിക്കാൻ കഴിയുന്നവയായിരുന്നു. ചിറ്റൂർ-തത്തമംഗലം നഗരസഭയിൽനിന്ന് 46 ടൺ മാലിന്യവും നീക്കം ചെയ്തു.
ജില്ലയിൽ 61 ഗ്രാമപഞ്ചായത്തുകളിൽനിന്നും മൂന്ന് നഗരസഭകളിൽനിന്നുമാണ് ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നത്. ഇത്രയും സ്ഥാപനങ്ങളിൽനിന്നായി ആകെ 115 ടൺ പുനരുപയോഗിക്കാൻ പറ്റുന്ന മാലിന്യമാണ് നീക്കം ചെയ്തത്. ഇതിൽ 15 ടൺ ചില്ല് മാലിന്യങ്ങളാണ്. ജില്ല ആശുപത്രിയിൽനിന്ന് മൂന്ന് ടൺ, പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഒരു ടൺ, ജില്ല വനിത-ശിശു ആശുപത്രിയിൽനിന്ന് 1.7 ടൺ എന്നിങ്ങനെ പൊതു മാലിന്യങ്ങളും നീക്കം ചെയ്തു.
ഇവക്ക് പുറമെ ഒറ്റപ്പാലം, ചിറ്റൂർ താലൂക്ക് ആശുപത്രികൾ, ഗ്രാമലക്ഷ്മി മുദ്രാലയ എന്നിവിടങ്ങളിൽനിന്നും ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നുണ്ട്. ആഗസ്റ്റിൽ പുനഃചംക്രമണത്തിന് സാധ്യമല്ലാത്ത 8,17,960 കിലോ മാലിന്യവും 1230 കിലോ ആക്രിയും നീക്കം ചെയ്തു. ചില്ല് മാലിന്യം 26,730 കിലോയാണ് ശേഖരിച്ചത്. 98,760 കിലോ മാലിന്യം പുനരുപയോഗിക്കാൻ കഴിയുന്നവയായിരുന്നു.
ജൂലൈയിൽ 910 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കം ചെയ്തു. പുനരുപയോഗത്തിന് സാധ്യമല്ലാത്ത 7,14,530 കിലോ മാലിന്യം, 31,465 ചില്ല് മാലിന്യം, 5206 കിലോ ഇ-മാലിന്യം, 68,149 കിലോ സ്ക്രാപ്പ്, 1,52,438.32 കിലോ പുനരുപയോഗിക്കാനാവുന്ന മാലിന്യം എന്നിങ്ങനെയാണ് ജൂലൈയിൽ നീക്കം ചെയ്തത്.
വീട് മാറുമ്പോഴും മറ്റും അവശേഷിക്കുന്ന മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് കൈമാറാവുന്ന സെന്‍ററുകളും (ഇക്കോ ബാങ്ക്) ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 111 കിലോ മാലിന്യമാണ് ഇവിടങ്ങളിൽ ലഭിച്ചത്. ജില്ലയിൽ മാലിന്യ ശേഖരണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ക്ലീൻ കേരള കമ്പനി മാനേജർ ആദർശ് ആർ. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

