പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ പാർസൽ ഓഫിസ് അടച്ചുപൂട്ടി
text_fieldsപാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനരഹിതമായ പാർസൽ ഓഫിസിന് മുന്നിൽ തൊഴിലാളികൾ
പാലക്കാട്: പ്രതിഷേധം വ്യാപകമാകുന്നതിനിടെ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസ് അടച്ചുപൂട്ടി. തിങ്കളാഴ്ച മുതലാണ് ഇവിടെ നിന്നുള്ള പാർസൽ സർവിസുകൾ നിർത്തലാക്കിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള, പാർസൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വരുമാനവും ബുക്കിങ്ങും ഉണ്ടായിരുന്ന ഓഫിസാണ് ഇതോടെ ഇല്ലാതായത്. ഒപ്പം 21കരാർ തൊഴിലാളികളുടെ വരുമാന മാർഗവും നിലച്ചു.
ദക്ഷിണ റെയിൽവേ ചെന്നൈ കോമേഴ്സ്യൽ ബ്രാഞ്ചിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പാർസൽ ഓഫിസ് അടച്ചതോടെ ചരക്കുനീക്കത്തിന് വ്യാപാരികൾ ഏറെ പ്രയാസപ്പെടുമെന്ന് തൊഴിലാളികൾ പറയുന്നു.
തമിഴ്നാട്ടിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കുസാധനങ്ങൾ എത്തിക്കാൻ ടൗൺ റെയിൽവേ സ്റ്റേഷനെയാണ് കൂടുതൽ കച്ചവടക്കാരും ആശ്രയിക്കുന്നത്. പാർസൽ സർവിസ് ഒലവക്കോട്ടുള്ള ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റുന്നത് കച്ചവടക്കാർക്ക് ചെലവേറും.
അത്രയും ദൂരം സാധനങ്ങൾ കൊണ്ടുപോകാൻ വാഹന ചെലവ് വേറെ കാണേണ്ടി വരും. പിറ്റ് ലൈൻ യാഥാർഥ്യമാകുന്നതോടെ കൂടുതൽ ട്രെയിനുകളും വികസനവും വരുന്ന ടൗൺ റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസ് പൂട്ടിയതിൽ പ്രതിഷേധം ശക്തമാണ്.
നിലച്ചത് നഗരം കേന്ദ്രീകരിച്ച ചരക്കുനീക്കം
സ്റ്റീൽ പാത്രങ്ങൾ, മാലകൾ, കൊതുക് വലകൾ, ബസിന്റെ ബോഡി പാർട്സ്, ടയർ, പുളി മിഠായി, തൈര്, പൂവ്, ഭസ്മം, നെയ്, വെണ്ണ, പനിനീർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് തമിഴ്നാട്ടിലെ വിവിധ കച്ചവടകേന്ദ്രങ്ങളിൽനിന്ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെത്തുന്നത്. തമിഴ്നാട്ടിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ ചെന്നൈ, ട്രിച്ചി, ഈറോഡ്, കരൂർ, കോയമ്പത്തൂർ, തിരുപ്പൂർ, മധുര, ദിണ്ടിക്കൽ, പഴനി, കോവിൽപട്ടി, തിരുച്ചെന്തൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഉൽപന്നങ്ങൾ പാലക്കാട്ടേക്ക് എത്തിക്കുന്നത്. ഇവിടെനിന്ന് ചുക്ക്, കുരുമുളക്, തുണിത്തരങ്ങൾ, നെയ്, ഉണക്കമീൻ, പച്ച-ഉണക്ക അടക്ക, ചിപ്സ് തുടങ്ങിയവ തമിഴ്നാട്ടിലേക്കും കയറ്റുമതി നടത്തുന്നുണ്ട്. ടൗൺ സ്റ്റേഷന് അടുത്തുള്ള പച്ചക്കറി മാർക്കറ്റിലേക്കും പൂമാർക്കറ്റിലേക്കും മീൻ മാർക്കറ്റിലേക്കുമെല്ലാം ചരക്കുകൾ എത്തിക്കാനും എളുപ്പമാണ്. കരാർ മുഖേനയാണ് പാർസൽ സർവിസ് നടത്തുന്നത്.
വരുമാനം നഷ്ടപ്പെട്ട് തൊഴിലാളികൾ
മുമ്പ് ടൗൺ റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു ട്രെയിനിൽ 45 ടൺ വരെ ചരക്കുനീക്കം നടന്നിരുന്നു. മീറ്റർ ഗേജിൽനിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റിയതോടെ ഇതുവഴിയുള്ള എട്ട് ട്രെയിനുകൾ നിലച്ചെങ്കിലും ചരക്കുനീക്കം മുടങ്ങിയിരുന്നില്ല. അമൃത എക്സ്പ്രസിലാണ് ഏറ്റവും കൂടുതൽ ചരക്ക് സാധനങ്ങൾ എത്തുന്നതും പോകുന്നതും. അമൃത എക്സ്പ്രസ്, തിരുച്ചെന്തൂർ പാസഞ്ചർ, ചെന്നൈ എക്സ് പ്രസ്, പാലക്കാട്-തിരുച്ചിറപ്പള്ളി പാസഞ്ചർ, കോയമ്പത്തൂർ-പാലക്കാട് ടൗൺ മെമു, ഈറോഡ്-പാലക്കാട് ടൗൺ മെമു എന്നീ ട്രെയിനുകൾ മാത്രമാണ് ടൗൺ സ്റ്റേഷൻ വഴി സർവിസ് നടത്തുന്നത്.
ഇവ കുറച്ചുസമയം മാത്രമാണ് സ്റ്റേഷനിൽ നിർത്തുന്നത്. റെയിൽവേയുടെ നാല് ജീവനക്കാരാണ് നേരത്തെ ഉണ്ടായിരുന്നത്. പിന്നീടത് ഒന്നായി കുറഞ്ഞു. ഇതുമൂലമാണ് പാർസൽ ഓഫിസ് നിർത്തലാക്കിയതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. വർഷങ്ങളായി ഇവിടെ പണിയെടുക്കുന്നവരാണ് തങ്ങളെന്നും ജോലി നഷ്ടപ്പെട്ടതോടെ വരുമാന മാർഗം അടഞ്ഞെന്നും തൊഴിലാളികൾ പറഞ്ഞു. ഓഫിസ് പൂട്ടുന്നത് സംബന്ധിച്ച് വെള്ളിയാഴ്ചയാണ് അറിയിപ്പ് ലഭിച്ചത്. എം.പിക്കും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിക്കും സതേൺ റെയിൽവേ മസ്ദൂർ യൂനിയനും പരാതി നൽകിയിട്ടുണ്ട്. വേണ്ടി വന്നാൽ സമരം നടത്തുമെന്നും തൊഴിലാളികൾ പറയുന്നു.
തീരുമാനം പഠനം നടത്തിയശേഷം
പാലക്കാട് ടൗൺ സ്റ്റേഷനൊപ്പം വടകര, കൊയിലാണ്ടി, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലെ പാർസൽ ഓഫിസുകളും തിങ്കളാഴ്ച അടച്ചുപൂട്ടി. പ്രായോഗിക ബുദ്ധിമുട്ടുകളും ലാഭകരമല്ല എന്ന കാരണത്താലുമാണ് ഇവ ഒഴിവാക്കുന്നതെന്നും വിശദമായ പഠനം നടത്തി ഉന്നത റെയിൽവേ ഓഫിസുകളുടെ അനുമതിയോടെയാണ് തീരുമാനമെന്നും റെയിൽവേ പറയുന്നു. ട്രെയിനുകൾ അഞ്ച് മിനിറ്റിൽ കൂടുതൽ നിർത്തുന്ന സ്റ്റേഷനുകളിൽ മാത്രമേ പാർസൽ ഓഫിസുകൾ ഉണ്ടാകൂവെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

