ഇരുളകലാതെ പാലക്കാട് ടൗൺ റെയിൽവേ പ്ലാറ്റ്ഫോം
text_fieldsപാലക്കാട്: ദിവസവും നിരവധി യാത്രക്കാർ വന്നുപോകുന്ന പാലക്കാട് ടൗൺ റെയിൽവേ പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നാല് പ്ലാറ്റ്ഫോമുകളിലായി അഞ്ച് ട്രാക്കുകളാണുള്ളത്. ഇതിൽ ഒന്നും രണ്ടും ട്രാക്കുമാത്രമാണ് ഉപയോഗിക്കുന്നത്.
മറ്റുള്ളവ കാട് കയറി നശിക്കുകയാണ്. സ്റ്റേഷന്റെ ആളൊഴിഞ്ഞ സ്ഥലങ്ങൾ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ഇടത്താവളമാകുന്നു. റെയിൽവേ സ്റ്റേഷന് മുൻവശത്ത് മാത്രമാണ് രാത്രിയിൽ വെളിച്ചമുള്ളത്. ബാക്കി ആളൊഴിഞ്ഞ പ്രദേശങ്ങൾ പാഴ് ചെടികളും മരങ്ങളും വളർന്ന് കാടുമൂടി കിടക്കുകയാണ്. നേരം ഇരുട്ടിയാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ ഇടത്താവളമാണ്. രാത്രിയുടെ മറപറ്റി മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നതിനും ഈ പരിസരം വേദിയാകുന്നു. രാത്രിയിൽ ഈ ഭാഗത്ത് പോലീസിന്റെ പരിശോധന ഇല്ലാത്തതും സാമൂഹിക വിരുദ്ധർക്ക് സൗകര്യമാകുന്നു.
1904ലാണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. ആറ് ട്രെയിനുകൾ മാത്രമാണ് ഇതുവഴി സർവിസ് നടത്തുന്നത്. പാലക്കാട് ഡിവിഷൻ ഓഫിസിന്റെ അടുത്തുള്ള സ്റ്റേഷനായിട്ടും നവീകരണത്തിന് പരിഗണന നൽകുന്നില്ലെന്ന് പരാതിയുണ്ട്. രാത്രി 8.30ന് തിരുവനന്തപുരത്തേക്കുള്ള അമൃത എക്സപ്രസിൽ കയറാൻ നിരവധി യാത്രക്കാരുണ്ടാകാറുണ്ട്. എൻജിനോട് ചേർന്നുള്ള ജനറൽ കോച്ച് എത്തുന്ന ഭാഗത്ത് ഇരുട്ടാണ്. തൊഴിലാളികൾ ചരക്കുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ടോർച്ച് വെളിച്ചത്തിലാണ്. വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രകാശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

