സിഗ്നൽരഹിത നഗരമാകാൻ പാലക്കാട്
text_fieldsപാലക്കാട്: സിഗ്നല്‍ രഹിത നഗരമാകാനൊരുങ്ങി പാലക്കാട് നഗരസഭ. സിഗ്നലുകള്‍ ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർപേഴ്സൻ പി. സ്മിതേഷ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. സിഗ്നല്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് എങ്ങനെ ട്രാഫിക് പരിഷ്കാരം നടത്താമെന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ കത്തുനല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്പേഴ്സൻ വ്യക്തമാക്കി. അവരുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇടറോഡുകളിലെയും മറ്റും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കും. ഇതുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും സ്മിതേഷ് പറഞ്ഞു.
പരമ്പരാഗതമായ തെരുവുകളിലെയും അഗ്രഹാരങ്ങളിലെയും വരി കെട്ടിടങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകളെല്ലാം ലഭ്യമാക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ എം. ശശികുമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയാറാക്കുന്നതിന് അസി. എക്സി. എന്‍ജിനീയറെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പട്ടിക തയാറാക്കിയശേഷം നഗരസഭ വിജ്ഞാപനം പുറപ്പെടുവിക്കും. നഗരത്തിലെ തെരുവുനായ് പ്രശ്നം പരിഹരിക്കാന്‍ ശാശ്വത നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു. ഷെല്‍റ്റര്‍ ഹോം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നഗരസഭക്ക് ഫണ്ട് അനുവദിക്കണമെന്ന് കൗണ്‍സിലര്‍ പി.എസ്. വിപിന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ബി.സി പദ്ധതിയുടെ ഭാഗമായി ഷെല്‍റ്റർ ഹോമിന് സമീപ പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി ചെയര്പേഴ്സൻ അറിയിച്ചു.
ടൗണ്‍ബസ് സ്റ്റാന്‍ഡ്, ബി.ഒ.സി റോഡ് ബൈപാസിനായി നഗരസഭ സ്ഥലം ഏറ്റെടുത്തെങ്കിലും നിലവില്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുകയാണെന്നും പരാതി ഉയര്‍ന്നു. ഇതുസംബന്ധിച്ചുള്ള പഴയ നഗരസഭ യോഗത്തിന്റെ വിവരം ലഭ്യമല്ലെന്ന് കൗണ്‍സിലര്‍ സാജോ ജോണ്‍ പറഞ്ഞു. പഴയ പരിശോധന റിപ്പോര്‍ട്ട് അല്ലെങ്കില്‍ സ്ഥലം പരിശോധിച്ച് പുതിയ റിപ്പോര്‍ട്ട് നല്കാന് അസി. എക്സി. എന്‍ജിനീയറെ ചുമതലപ്പെടുത്തി.
വനിത-ശിശു ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ചെയര്മാന് അറിയിച്ചു. ഇതിനായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുകയാണ്. സ്ഥലവുമായി ബന്ധപ്പെട്ട് നിയമപ്രശ്നമുള്ളതിനാല്‍ അത് പരിഹരിക്കുന്ന നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു. റോഡ് വീതികൂട്ടുന്നതും പരിശോധിക്കും. തകര്‍ന്നു കിടക്കുന്ന ജില്ല പഞ്ചായത്ത് റോഡില്‍ നഗരസഭക്കു കീഴിലുള്ള ഭാഗം അറ്റകുറ്റപ്പണി നടത്താനും ചെയർപേഴ്സൻ നിര്‍ദേശം നല്കി. മറ്റു ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് ജില്ല പഞ്ചായത്തായതിനാല്‍ അവരെ അറിയിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

