യാത്രക്കാരെ വരവേൽക്കാനൊരുങ്ങി പാലക്കാട് സ്റ്റേഡിയം ബസ് ടെർമിനൽ
text_fieldsrepresentational image
പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിലെ തിരക്കൊഴിവാക്കാൻ പുതിയ ബസ് ടെർമിനൽ നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞ മാർച്ചിൽ നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങി. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 3.19 കോടി രൂപ ചെലവിലാണ് പുതിയ ടെർമിനൽ നിർമാണം.
നിലവിലെ സ്റ്റാൻഡിന് മുന്നിൽ ഒഴിഞ്ഞുകിടന്നിരുന്ന നഗരസഭയുടെ സ്ഥലത്താണ് ടെർമിനൽ. ഇരുവശങ്ങളിലുമായി ഒരേസമയം 32 ബസുകൾ നിർത്തിയിടാം. അഞ്ച് കടമുറികളും സ്ത്രീ പുരുഷന്മാർക്കായി നാലുവീതം ശുചിമുറികൾ, ഇരിപ്പിടം, ചാർജിങ് പോയന്‍റ്, കുടിവെള്ളം എന്നിവയൊക്കെയാണ് കോംപ്ലക്സിൽ ഒരുക്കുന്നത്. ടെർമിനലിനു മുന്നിൽ അഴുക്കുചാലും നിർമിച്ചിട്ടുണ്ട്. ടെർമിനലിൽ ബസുകൾ നിർത്തിയിടുന്ന ഭാഗത്തെ മേൽക്കൂരയിടാനുള്ള ഇരുമ്പു ആങ്കിളുകളും സ്ഥാപിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ടുമാസത്തിനകം ടെർമിനൽ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ്. 2020ൽ ബസ് ടെർമിനൽ നിർമാണം ആരംഭിച്ചെങ്കിലും ലോക്ഡൗണിൽ കുടുങ്ങി നിർമാണം നിലച്ചു.
ടെർമിനൽ സജ്ജമാകുന്നതോടെ സുൽത്താൻപേട്ട ഭാഗത്തുനിന്നുമുള്ള ബസുകൾ പ്രവേശിക്കാനായി മുൻവശത്തെ മതിലും പൊളിച്ചു വഴിയൊരുക്കുന്നുണ്ട്. ടെർമിനൽ നിർമാണം പൂർത്തിയാവുന്നതോടെ സ്റ്റാൻഡിന്‍റെ മുൻവശത്തുണ്ടാകുന്ന തിരക്കൊഴിവാക്കാനും കഴിയും. ഒലവക്കോട് ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും റെയിൽവേ കോളനി, മലമ്പുഴ, കൊട്ടേക്കാട് ബസുകളും മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നുമുള്ള ബസുകളുമാണ് സുൽത്താൻപേട്ട വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

