പാലക്കാട്-പൊള്ളാച്ചി-ദിണ്ടിഗൽ വൈദ്യുതീകരണം പ്രതീക്ഷയോടെ യാത്രക്കാർ
text_fieldsകൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി-ദിണ്ടിഗൽ റൂട്ടിൽ പ്രതീക്ഷയുടെ ചൂളംവിളി കാത്ത് യാത്രക്കാർ. പുതുതായി വൈദ്യുതീകരിച്ച പാത ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ 179 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ലൈനിൽ കൂടുതൽ പാസഞ്ചറുകൾ സർവിസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ദിണ്ടിഗൽ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ് ഓൺലൈനായി നടത്തിയത്.
ദിണ്ടിഗൽ-പഴനി, പഴനി-പൊള്ളാച്ചി, പൊള്ളാച്ചി-പാലക്കാട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വൈദ്യുതീകരണം പൂർത്തീകരിച്ചത്.
അവസാനഘട്ടമായ പാലക്കാട് റൂട്ടിൽ ഏതാനും മാസങ്ങൾക്കുമുമ്പാണ് വൈദ്യുതീകരണം പൂർത്തീകരിച്ച് വൈദ്യുതി എൻജിനുകൾ സർവിസ് ആരംഭിച്ചത്. ദിണ്ടിഗൽ-പൊള്ളാച്ചി-പാലക്കാട് റൂട്ടിൽ 159 കോടിയാണ് വൈദ്യുതീകരണത്തിന് ചെലവായത്. പൊള്ളാച്ചി പോത്തന്നൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണത്തിന് 37 കോടി 36 ലക്ഷം രൂപ ചിലവഴിച്ചു. ഒക്ടോബർ 24നാണ് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. തുടക്കത്തിൽ ചരക്കുട്രെയിനുകളും പിന്നീട് പാസഞ്ചർ സർവിസുകളും ആരംഭിച്ചു.
ജനുവരി നാലിന് ദിണ്ടിഗൽ-പഴനി-പൊള്ളാച്ചി-പാലക്കാട് റൂട്ടിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പരിശീലന ഓട്ടം നടത്തി. രാവിലെ 8.30 ദിണ്ടിഗലിൽനിന്നും ആരംഭിച്ച ട്രെയിൻ 9:45 പൊള്ളാച്ചിയിലും 11:30 പാലക്കാട് ജങ്ഷനിലും എത്തി. 179 കിലോമീറ്റർ ദൂരം മൂന്നുമണിക്കൂറിൽ പൂർത്തീകരിച്ചു. മണിക്കൂറിന് 110-120 കിലോമീറ്റർ വേഗതയിൽ കടക്കാനാകും.
വൈദ്യുതീകരണവും വേഗത പരീക്ഷണഓട്ടവും വിജയിച്ചതിനാൽ പാലക്കാട്-പൊള്ളാച്ചി റൂട്ടിലും കോയമ്പത്തൂർ-പൊള്ളാച്ചി-മധുര റൂട്ടിലും മീറ്റർഗേജിൽ ഉണ്ടായിരുന്ന പാസഞ്ചറുകൾ പുനഃസ്ഥാപിക്കണമെന്ന് പാലക്കാട്, പൊള്ളാച്ചി എന്നീ പ്രദേശങ്ങളിലെ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പാലക്കാട്-രാമേശ്വരം, മഥുര-ദിണ്ടിഗൽ പഴനി-പൊള്ളാച്ചി, അമൃത എകസ് പ്രസ് രാമേശ്വരം വരെ ദീർഘിപ്പിക്കൽ, കോയമ്പത്തൂർ-നാഗർകോവിൽ, കോയമ്പത്തൂർ-രാമേശ്വരം ട്രെയിൻ സർവിസ് നടത്തണമെന്നും കോയമ്പത്തൂർ-ദിണ്ടിഗൽ, പാലക്കാട്-ദിണ്ടിഗൽ റൂട്ടിൽ പാസഞ്ചറുകൾ അനുവദിക്കണമെന്നും ജനപ്രതിനിധികളുടെ ആവശ്യങ്ങൾ വൈദ്യുതീകരണ ഉദ്ഘാടനത്തിനുശേഷമെങ്കിലും നടത്തണണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

