നഗരവികസനം ലക്ഷ്യമിട്ട് പാലക്കാട് നഗരസഭ ബജറ്റ്
text_fieldsപാലക്കാട്: നഗര വികസനത്തിന് മുൻതൂക്കം നൽകി പാലക്കാട് നഗരസഭ ബജറ്റ്. 2026-27 സാമ്പത്തിക വർഷത്തിൽ ആകെ 751 കോടി രൂപയുടെ വരവും 656 കോടി രൂപയുടെ ചെലവും 954 കോടി രൂപയുടെ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് വൈസ് ചെയർപേഴ്സൻ ടി. ബേബി അവതരിപ്പിച്ചത്.
നഗരപരിധിയിൽ വരുന്ന കൽപാത്തി-യാക്കര പുഴകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാൻ പുനർജനി പദ്ധതി (25 ലക്ഷം), തെരുവോരങ്ങളിൽ വെളിച്ചത്തിന് ജ്യോതിർഗമയ 2.0 (ഒരു കോടി), കുഴിയില്ലാത്ത നഗരത്തിനായി പോട്ട്ഹോൾ ഫ്രീ സിറ്റി (25 ലക്ഷം), പാലക്കാട് നഗരത്തെ കേരളത്തിന്‍റെ മ്യൂസിക്കൽ സിറ്റിയാക്കാനുള്ള പദ്ധതി (25 ലക്ഷം), സിറ്റി കണക്ടിവിറ്റി റോഡ് (ആറു കോടി), സിഗ്നൽ രഹിത നഗരം (അഞ്ച് ലക്ഷം) എന്നിങ്ങനെയുള്ള നിരവധി പദ്ധതികളാണ് അവതരിപ്പിച്ചത്.
22 അഗ്രഹാരങ്ങളുള്ള പാലക്കാട് എല്ലാ വീടുകളിലും ഓരോരുത്തരും ചെറുപ്പം മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. പൈതൃക സംഗീതം മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് മ്യൂസിക്കൽ സിറ്റിയാക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. ടൗൺ ഹാൾ വികസനത്തിന് 5.10 കോടി രൂപ വകയിരുത്തി. കാർഷിക മേഖലക്ക് പുത്തനുണർവ് നൽകാൻ സമഗ്ര നയരൂപവത്കരണത്തിന് 1.5 കോടി നീക്കിവെച്ചു. ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് പാലക്കാട് സ്പോർട്സ് ഹബ്ബിനാണ്. 300 കോടിയുടെ ബൃഹദ് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റേഡിയം ഗ്രൗണ്ടിനോട് ചേർന്ന പത്തേക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബ് ആണ് ഒരുക്കുന്നത്.
കേന്ദ്ര സർക്കാറിന്‍റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന വലിയങ്ങാടി, ടൗൺ ബസ് സ്റ്റാൻഡ് പദ്ധതിക്ക് 110 കോടി രൂപയും വകയിരുത്തി.
ഗ്രീൻ വീൽസ്-ഇ ബസ് പദ്ധതിക്കായി 20 കോടി മാറ്റിവെച്ചു. ജൈവ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി കഞ്ചിക്കോട്ടെ വേസ്റ്റു ടു എനർജി പ്ലാന്‍റുമായി കൈകോർത്ത് നടപ്പിലാക്കുന്ന പദ്ധതി അടുത്ത മൂന്നു മാസത്തിനുള്ളിൽ പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് വൈസ് ചെയർപേഴ്സൻ അറിയിച്ചു. ബജറ്റ് അവതരണത്തിൽ നഗരസഭ ചെയർമാൻ പി. സ്മിതേഷ് അധ്യക്ഷത വഹിച്ചു.
ഗതാഗത കുരുക്കഴിക്കാൻ സിറ്റി കണക്ടിവിറ്റി റോഡ്
നഗരത്തിലെ യാത്രാദുരിതത്തിന് പരിഹാരമായി സിറ്റി കണക്ടിവിറ്റി റോഡ് വിഭാവനം ചെയ്ത് നഗരസഭ ബജറ്റ്. നഗരത്തിലെ പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡുകളെ ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമെന്നും ഒരു പതിറ്റാണ്ടിലേറെയായി മുടങ്ങി കിടക്കുന്ന സ്റ്റേഡിയം-കൊപ്പം ജങ്ഷൻ റോഡിന്‍റെ നിർമാണം പൂർത്തിയാക്കാനുണ്ടായിരുന്ന തടസ്സം മാറ്റിയെന്നും ചെയർപേഴ്സൻ പി. സ്മിതേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച റോഡ് നിർമാണം സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ പ്രശ്നങ്ങളിൽ കുടുങ്ങി നിലച്ചുപോകുകയായിരുന്നു. 780 മീറ്റർ റോഡാണിത്. കൽവാക്കുളം വഴി പോകുന്ന റോഡാണിത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പദ്ധതിക്കായി എം.എൽ.എ ഫണ്ടിൽനിന്നും അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

