കാത്തിരിപ്പിന് വിരാമം; പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്
text_fieldsപാലക്കാട് നഗരസഭ മുനിസിപ്പൽ ബസ് സ്റ്റാൻഡ്
പാലക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പാലക്കാട് നഗരസഭ മുനിസിപ്പൽ ബസ് ടെർമിനൽ വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷത വഹിക്കും.
വി.കെ. ശ്രീകണ്ഠൻ എം.പിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 2.26 കോടി രൂപ ചെലവിലാണ് പുതിയ ബസ് ടെർമിനൽ നിർമിച്ചത്.
നഗരസഭയുടെ 1.10 കോടി ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ, യാർഡ്, ടെർമിനലിനകത്ത് പൊലീസ് എയ്ഡ് പോസ്റ്റ്, ടെർമിനലിലും സ്റ്റാൻഡിനകത്തും ലൈറ്റുകൾ, ബസുകൾ നിർത്തുന്നിടത്ത് സ്റ്റോപ്പർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. 2018ൽ സമീപത്തെ ബഹുനില കെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിൽ കാലപ്പഴക്കമുള്ള മുനിസിപ്പൽ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടുകയും പിന്നീട് പൊളിച്ചുമാറ്റുകയുമായിരുന്നു. 2023 ഫെബ്രുവരിയിൽ ആരംഭിച്ച പുതിയ ടെർമിനലിന്റെ നിർമാണം 2024 സെപ്റ്റംബറിൽ പൂർത്തിയായി.
ആദ്യകാലങ്ങളിൽ സർവിസ് നടത്തിയിരുന്ന ബസുകളിൽ കമ്പ, കുത്തന്നൂർ, തോലന്നൂർ ബസുകൾ മാത്രമാണ് നിലവിൽ മുനിസിപ്പൽ സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തുന്നത്. മുനിസിപ്പൽ സ്റ്റാൻഡിൽനിന്ന് പൂർണതോതിൽ ബസ് സർവിസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു.
പുതിയ ടെർമിനലിനകത്ത് ഫീഡിങ് റൂമുള്ള പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ ലഘുഭക്ഷണശാലകൾ എന്നിവയുമുണ്ട്. സ്റ്റാൻഡിലെ വെളിച്ചക്കുറവിന് പരിഹാരമായി ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾക്കു പുറമെ 30ഓളം എൽ.ഇ.ഡി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോയ മുഴുവൻ ബസുകളും തിരിച്ചെത്തിയാൽ മാത്രമേ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പ്രതാപം വീണ്ടെടുക്കാനാവൂ. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ടെർമിനൽ നിർമാണം പൂർത്തിയായെങ്കിലും രണ്ടാം ഘട്ടത്തിലുള്ള കോംപ്ലക്സിന്റെ നിർമാണംകൂടി പൂർത്തിയാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

