പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്: പേരുമാറ്റാൻ ബി.ജെ.പി; ചട്ടത്തിൽ തട്ടുമെന്ന് യു.ഡി.എഫ്
text_fieldsമുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർനാമകരണം ചെയ്യുന്നതിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ
പാലക്കാട്: നഗരസഭ അധീനതയിലുള്ള മുനിസിപ്പൽ സ്റ്റാൻഡിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന് അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകണമെന്ന പ്രമേയത്തെച്ചൊല്ലി ബഹളം. എന്നാൽ എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് നിർമിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രമടക്കമുള്ളവക്ക് ഇത്തരത്തിൽ പേരുനൽകുന്നതിന് വിലക്കുണ്ടെന്ന് യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഭരണകക്ഷിക്ക് തനിയെ പ്രമേയം പാസാക്കാനാവശ്യമായ അംഗബലം ഇല്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. തുടർന്ന് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിനിടെ പ്രമേയം പാസാക്കിയതായി ചെയർപേഴ്സൻ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ കക്ഷികൾ വിയോജനക്കുറിപ്പുനൽകി. തുടർന്ന് യോഗം പിരിച്ചുവിട്ടതായി ചെയർപേഴ്സൻ പ്രിയ കെ. അജയൻ അറിയിച്ചിട്ടും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം തുടർന്നു.
നിയമനത്തിലെ വോട്ടും നോട്ടവും
നഗരസഭ പരിധിയിലെ അംഗൻവാടികളിൽ വർക്കർമാരെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിലേക്ക് കൗൺസിലറെ നിയോഗിക്കുന്നതായി കാണിച്ച് കൗൺസിലിന് മുന്നിൽ എത്തിയ അജണ്ടയിൽ യു.ഡി.എഫിന്റെ വോട്ടിനിടൽ ആവശ്യം ഏകപക്ഷീയമായി നിരസിക്കപ്പെട്ടു. അജണ്ട വായിച്ചതോടെ ബി.ജെ.പി കൗൺസിലർ എം. ശശികുമാറിനെ ചെയർപേഴ്സൻ നിർദേശിക്കുകയായിരുന്നു. ഇത് വോട്ടിനിട്ട് തീരുമാനിക്കണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യം. എന്നാൽ, ഇത് തള്ളിയ ചെയർപേഴ്സൻ അജണ്ടയിൽ മുന്നോട്ടുപോകാൻ നിർദേശം നൽകുകയായിരുന്നു.
കണ്ടം ചെയ്ത ശേഷം കരാർ
നിരത്തുകളിലെ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള സർക്കാർ തീരുമാനം നടപ്പിൽ വരുന്നതോടെ നഗരസഭ ആവശ്യങ്ങൾക്കായി കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ ഉപയോഗിക്കും. സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള പൂന്തോട്ടം പരിപാലിക്കുന്നതിന്റെ അനുമതി ഡി.ജെ അമ്യൂസ്മെന്റിന് നൽകി.
ഇവിടെ അബ്ദുൽ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി പരിശോധിച്ച ശേഷം മതിയെന്ന് കൗൺസിൽ തീരുമാനിച്ചു. കൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രം എൻ.എച്ച്.എമ്മിന് കൈമാറുന്നത് മാറ്റിവെക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭ പരിധിയിലെ വിവിധ റോഡുകളിൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകൾ മാറ്റി നഗരസഭ സ്വന്തമായി സ്ഥാപിക്കാനും ഇതിനായി ടെൻഡർ വിളിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

