പാലക്കാട്-കോഴിക്കോട് എക്സ്പ്രസ് ഹൈവേ; വേണം, എടത്തനാട്ടുകരയിൽ പ്രവേശന കവാടം
text_fieldsഅലനല്ലൂർ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് പകരം എക്സ്പ്രസ് ഹൈവേ ആക്കുന്നതിന്റെ ഭാഗമായി ഹൈവേയിൽ പ്രവേശിക്കാനും പുറത്ത് പോകാനും 20 സ്ഥലങ്ങളുണ്ടായിരുന്നത് 12 ആയി ചുരുക്കി. 20 സ്ഥലങ്ങൾ അറിയിച്ചിരുന്നതിൽ എടത്തനാട്ടുകരയിൽ പ്രവേശനകവാടം ഉണ്ടായിരുന്നു.
12 ആക്കി ചുരുക്കിയതിൽ എടത്തനാട്ടുകരയെ ഒഴിവാക്കി എന്ന ശക്തമായ പ്രചാരണം നടക്കുന്നതിനാൽ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന അലനല്ലൂർ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി. എടത്തനാട്ടുകര കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് എ.പി. മാനുവിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നിവേദനം നൽകിയിട്ടുണ്ട്.
കോട്ടപ്പള്ള ടൗണിൽനിന്ന് ഹൈവേയിലൂടെയുള്ള സഞ്ചാരപാത ഒരുക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ എടത്തനാട്ടുകര വ്യാപാരഭവനിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് യോഗം ചേരും.ഭാരത് മാല പദ്ധതിയുടെ ഭാഗമായി 121 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് ഹൈവേയാണ് വരുന്നത്. ഇപ്പോഴത്തെ ദേശീയപാതയിലൂടെ പാലക്കാട്-കോഴിക്കോട് യാത്രക്ക് ശരാശരി നാല് മണിക്കൂർ വേണ്ടിടത്ത് ഗ്രീൻഫീൽഡ് ഹൈവേയിൽ രണ്ട് മണിക്കൂറായി കുറക്കാനാകും.
എൻ.എച്ച് 966ലെ ഗതാഗതക്കുരുക്ക് കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. 20 പ്രവേശന കവാടങ്ങൾ ചുരുക്കി 12 പ്രവേശന കവാടങ്ങൾ ആക്കുന്നതോടെ അതിവേഗ ഇടനാഴിയായി രൂപം മാറുമ്പോൾ ഒന്നര മണിക്കൂറിനുള്ളിൽ പാലക്കാട് നിന്ന് കോഴിക്കോട് എത്തുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ. 12 പ്രവേശന കവാടങ്ങൾ ഏത് പ്രദേശങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ഇതുവരെയും അധികാരികൾ വ്യക്തമാക്കിയിട്ടില്ല.
നിശ്ചിത ദൂരത്തിൽ അടിപ്പാതകൾ നിർമിക്കും. സർവിസ് റോഡ് ഉണ്ടാകില്ലെങ്കിലും ജനവാസ മേഖലകളിലെ റോഡുകൾ പരമാവധി ബന്ധിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. പാതയിൽ പ്രവേശിക്കുന്നിടത്ത് 60 മീറ്റർ വീതിയുണ്ടാകും. 45 മീറ്ററാണ് റോഡിന്റെ വീതി.
ദേശീയപാത 544ൽ പാലക്കാട് മരുത റോഡിൽനിന്ന് ആരംഭിച്ച് ദേശീയപാത 66ൽ കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി. പാത പാലക്കാട് ജില്ലയിൽ മലമ്പുഴ, ധോണി, മുണ്ടൂർ, കല്ലടിക്കോട്, കരിമ്പ, പൊറ്റശ്ശേരി, മണ്ണാർക്കാട്, എടത്തനാട്ടുകര എന്നി പ്രദേശങ്ങളിലൂടെയും, മലപ്പുറം ജില്ലയിലെ ഇരിങ്ങാട്ടിരി, തുവ്വൂർ, ഒടോംപറ്റ, ചെമ്പ്രശ്ശേരി, എളങ്കൂർ, കാരക്കുന്ന്, കണ്ടാലപ്പറ്റ, അരീക്കോട്, ചീക്കോട്, എടവണ്ണപ്പാറ, വാഴയൂർ, പെരുമണ്ണ എന്നീ പ്രദേശങ്ങളിലൂടെയുമാണ് കടന്നുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

