കോട്ടമൈതാനത്തെത്തുന്നവരുടെ ശ്രദ്ധക്ക്, ഈ ബെഞ്ചുകൾ ഇരിക്കാനുള്ളതാണ്
text_fields
കോട്ടമൈതാനത്തിലെ പാർക്കിൽ
ചാരുകസേരകളിൽ കിടക്കുന്നവർ
പാലക്കാട്: നഗരഹൃദയത്തിൽ വെയിൽച്ചൂടിന് അൽപം ആശ്വാസം തേടി കോട്ടമൈതാനത്ത് എത്താത്തവരുണ്ടാവില്ല. മുഖം മിനുക്കി ഒരുങ്ങുന്ന കോട്ടമൈതാനത്ത് ചാരുബഞ്ചുകൾ കൂടി എത്തിയതോടെ സംഗതി ജോറായിരുന്നു. എന്നാൽ, അടുത്തിടെയായി ബഞ്ചിൽ തഞ്ചത്തിൽ കണ്ണടക്കുന്നവരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ബഞ്ചുകൾ ഭൂരിഭാഗവും യാചകരടക്കമുള്ളവർ കൈയേറി പകലും നീണ്ടുനിവർന്ന് കിടക്കും. ജില്ല ആശുപത്രിയിൽ കീമോ ചെയ്യാനെത്തുന്നവരടക്കമുള്ളവർ അൽപസമയം ചെലവഴിക്കാൻ ഇവിടെ എത്തിയാൽ മരച്ചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങളിലോ സമീപത്തെ മൺതിട്ടയിലോ ഇരിക്കണം.
ഇനി ഒന്നിരിക്കാൻ സൗകര്യം ചോദിച്ചാലോ ബഹളവും കൈയേറ്റവും ഭയക്കണം. ബഞ്ചുകൾ നീക്കുന്നത് തടയാൻ കോൺക്രീറ്റ് ചെയ്തുറപ്പിച്ചെങ്കിലും ഇതും പിഴുതിളക്കി ചില ബഞ്ചുകൾ മാറ്റിയിട്ടിട്ടുണ്ട്. ചിലതാകട്ടെ പെയിന്റ് ഇളക്കിയും ഫെബർ ഭാഗങ്ങൾ ചുരണ്ടിയും തകരാറിലാക്കിയിട്ടുമുണ്ട്.
നേരമിരുട്ടിയാൽ ഇരുട്ടിലാഴുന്ന മൈതാനത്ത് സാമൂഹികവിരുദ്ധർ വിഹരിക്കുന്നുവെന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തെരുവുവിളക്കുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉടനെത്തുമെന്ന് നഗരസഭ അധികൃതർ ആവർത്തിക്കുമ്പോഴും എന്ന് എന്നത് അത്ര ഉറപ്പില്ല. മൈതാനത്ത് വെളിച്ചമുറപ്പാക്കുന്നതിനൊപ്പം പൊലീസ് സേവനം ലഭ്യമാക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

