പാലക്കാട് ഇനി അതിദാരിദ്ര്യ മുക്ത ജില്ല
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോൾ ജില്ലക്കും അഭിമാന നേട്ടം. ജില്ലയിലെ അതിദരിദ്ര്യ നിർമാർജന പദ്ധതിയുടെ 100 ശതമാനം പൂർത്തിയായി.
അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 6008 കുടുംബാംഗങ്ങളെയും അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു. ഇവർക്കായി പ്രത്യേകം മൈക്രോ പ്ലാനുകൾ തയാറാക്കി തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് ദാരിദ്ര്യനിർമാർജന പദ്ധതികൾ നടപ്പാക്കിയത്. 2021ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവേ നടത്തിയാണ് ഗുണഭോക്താക്കളുടെ ആദ്യ പട്ടിക തയാറാക്കിയത്.
പ്രാരംഭ സർവേയില്‍ 6443 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. മരിച്ചവര്‍, കുടിയേറിയവര്‍, ഇരട്ടിപ്പ് വന്നവര്‍ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷം 6008 പേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഭക്ഷണം, ആരോഗ്യ സംരക്ഷണം, വരുമാനം, പാര്‍പ്പിടം എന്നീ നാല് ക്ലേശഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഓരോ കുടുംബത്തിനും ആവശ്യമായ സേവനങ്ങള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാന്‍ തയാറാക്കിയാണ് പദ്ധതി മുന്നോട്ടു പോയത്.
അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട, ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ച 1357 പേർക്ക് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഭക്ഷണവും ഭക്ഷ്യകിറ്റുകളും കൃത്യമായി എത്തിച്ചുനൽകുന്നു. ആരോഗ്യ സംരക്ഷണം ക്ലേശഘടകമായി തെരഞ്ഞെടുത്ത 1467 കുടുംബങ്ങള്‍ക്ക് മരുന്ന് നല്കി ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. 501 പേര്‍ക്ക് പാലിയേറ്റിവ് ചികിത്സ ലഭ്യമാക്കി. വരുമാനം ആവശ്യമുള്ള 392 ഗുണഭോക്താക്കൾക്ക് ഉജ്ജീവനം/കുടുംബശ്രീ പദ്ധതികളിലൂടെ തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി. ഇത് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായിച്ചു.
സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 440 വീടുകളുടെ നിര്‍മാണം പൂർത്തീകരിച്ചു. ഭൂരഹിതരായ 44 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി റവന്യൂ ഭൂമി നൽകിയത്.
അതിദരിദ്ര വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും വോട്ടർ ഐ.ഡി, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയും ലഭ്യമാക്കി. ഇത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

