കരാർ ഇപ്പോഴും കടലാസിൽ; എന്നുതീരും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി
text_fieldsപാലക്കാട്: പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും പ്രവൃത്തികൾ ഇപ്പോഴും കടലാസിൽ തന്നെ. സ്റ്റേഡിയം സൊസൈറ്റിക്ക് കീഴിലായതാണ് ഫണ്ട് ലഭ്യതക്ക് പ്രധാന വിലങ്ങുതടിയാവുന്നത്.
നാഷനൽ ഗെയിംസ് സംഘാടനത്തിൽ അധികംവന്ന തുക ജില്ലകളിലെ കായികാഭിവൃദ്ധിക്ക് നൽകിയപ്പോഴും പാലക്കാട്ടെ ഇൻഡോർ സ്റ്റേഡിയം സൊസൈറ്റിക്ക് കീഴിലായത് ഫണ്ട് ലഭ്യതക്ക് തടസ്സമായി. സ്റ്റേഡിയം ഒരുവർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാണ് നിർമാണോദ്ഘാടന വേദിയിൽ കായികമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
2010 ജനുവരി എട്ടിന് 13.25 കോടിയുടെ ഭരണാനുമതി ലഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി മുടങ്ങിയതിനെതുടർന്ന് 2024ൽ മന്ത്രി എം.ബി. രാജേഷ് കായികമന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചര്‍ച്ചയിലാണ് കിഫ്ബി വഴി 14.25 കോടി രൂപ ലഭ്യമാക്കി സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാൻ തീരുമാനമായത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഇന്‍ഡോര്‍ സ്റ്റേഡിത്തിന്റെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു. എന്നാൽ കിഫ്ബി ഫണ്ട് ലഭ്യതക്ക് സ്റ്റേഡിയം സൊസൈറ്റിക്ക് കീഴിലായത് തടസ്സമായി.
സ്റ്റേഡിയത്തിന് വേണ്ട തുക സംഭരിക്കുന്നതിനായാണ് കലക്ടർ ചെയർമാനായി സൊസൈറ്റി രൂപവത്കരിച്ചത്. 173 അംഗങ്ങളിൽ നിന്നായി 61.5 ലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ സെസൈറ്റി പ്രവർത്തനം വേണ്ട രീതിയിൽ മുന്നോട്ടു പോയിരുന്നില്ല. കണ്ണൂരടക്കമുള്ള സ്ഥലങ്ങളിൽ ഇൻഡോർ സ്റ്റേഡിയം പണി പൂർത്തിയാക്കി മുന്നോട്ടു പോകുമ്പോഴാണ് പാലക്കാടിന് ഈ ദുർഗതി.
2010 ജനുവരി എട്ടിന് 13.25 കോടിയുടെ ഭരണാനുമതി ലഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം 2010 മേയ് മൂന്നിന് ആരംഭിച്ചു. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ച്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 2010-11 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മൂന്ന് കോടി രൂപ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വകയിരുത്തിയെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ തുക നല്‍കിയില്ല. ഇതേതുടര്‍ന്നാണ് നിര്‍മാണം സ്തംഭിച്ചത്.
2021ൽ മന്ത്രി വി. അബ്ദുറഹ്മാന്, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ സ്പീക്കറുടെ ചേംബറില്‍ യോഗം ചേർന്ന് നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ആവശ്യമായ അംഗീകാരം ഉടന്‍ നേടി നിര്‍മാണം പൂര്‍ത്തിയാക്കാൻ തീരുമാനമെടുത്തെങ്കിലും പദ്ധതി വീണ്ടും ഇഴഞ്ഞുനീങ്ങി. 13.25 കോടിയിൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി വീണ്ടും 25 കോടിയിലെത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

