ചൂട്; പാലക്കാട് പൊള്ളിത്തുടങ്ങി
text_fieldsപാലക്കാട്: ജനുവരി അവസാനമെത്തുമ്പോഴേക്കും ജില്ല വേനൽച്ചൂടിൽ പൊള്ളിത്തുടങ്ങി. ജില്ലയിൽ മുണ്ടൂർ ഐ.ആർ.ടി.സിയിൽ ജനുവരി 26ന് രേഖപ്പെടുത്തിയ 36 ഡിഗ്രി സെൽഷ്യസാണ് ഇതുവരെയുള്ള ഉയർന്ന താപനില.
രാവിലെ നേരിയ മഞ്ഞും തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും 11നുശേഷം ചൂട് കനക്കുന്ന സ്ഥിതിയാണ്. സാധാരണയിൽനിന്ന് രണ്ട് ഡിഗ്രി വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ രേഖപ്പെടുത്തുന്ന ചൂടിനെക്കാൾ കൂടുതലായാണ് അനുഭവപ്പെടുന്നത്.
പൊതുവേ വേനൽച്ചൂടിൽ വെന്തുരുകുന്ന ജില്ലയാണ് പാലക്കാട്. ജനുവരി അവസാനം തന്നെ താപനില വർധിച്ചു തുടങ്ങിയതോടെ വരും മാസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷം 42.6 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയിലെ ഉയർന്ന താപനില. ഏപ്രിൽ 28ന് മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഇത് രേഖപ്പെടുത്തിയത്.
കഴിഞ്ഞവർഷം വരൾച്ചാ സമാനമായ സാഹചര്യമാണ് ജില്ലക്ക് നേരിടേണ്ടി വന്നത്. മഴയുടെ അഭാവവും സ്ഥിതിക്ക് ആക്കം കൂട്ടി. താപനില ക്രമാതീതമായി ഉയരുന്നത് സ്വാഭാവികമായ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കും.
നിലവിൽ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം മലമ്പുഴ ഡാമിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ കടുക്കും. ചൂടിൽ അരുവികളും ചോലകളും വറ്റുന്നതോടെ കാടുകളിൽ കുടിവെള്ളം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും വേനൽക്കാലത്ത് പതിവാണ്. എന്നാൽ ഇത് കൃഷിക്കും മനുഷ്യജീവനും ആശങ്ക സൃഷ്ടിക്കുന്നു.
ദാഹജലവും തണലും തേടിയാണ് മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വനങ്ങളിൽ തീപിടിത്തത്തിനും വേനൽച്ചൂട് കാരണമാകാറുണ്ട്.
കാടുകൾക്ക് പുറമേ പറമ്പുകളിലും തീപിടിത്ത സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തങ്ങൾക്ക് വഴിയൊരുക്കുന്നത്. കനത്ത ചൂടിൽ തീ ആളിപ്പടരുകയും ചെയ്യും. താപനില വർധിക്കുമ്പോൾ ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. നിർജലീകരണം, ക്ഷീണം, സൂര്യാതപം, സൂര്യാഘാതം എന്നിവയേൽക്കാൻ സാധ്യത കൂടുതലുള്ള സമയമാണിത്.
ധാരാളം വെള്ളം കുടിക്കുക, ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളാതിരിക്കുക, നിറം കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം.
ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ പ്രത്യേക ജാഗ്രത പുലർത്തണം. സൂര്യാതപ, സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാമെന്നാണ് അധികൃതർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.