പാലക്കാട് ഗവ. മെഡിക്കൽ കോളജ്; ശസ്ത്രക്രിയകൾ അടുത്തയാഴ്ച തുടങ്ങും
text_fieldsപാലക്കാട്: ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ അടുത്തയാഴ്ചയോടെ ആരംഭിക്കും. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കുകയും ഓപറേഷൻ തിയേറ്റർ അണുവിമുക്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഗവ. മെഡിക്കൽ കോളജിന്റെ ക്ലിനിക്കൽ വിഭാഗം ജില്ല ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇതോടെ മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർക്ക് ശസ്ത്രക്രിയകൾ കാണാനോ ഭാഗമാകാനോ സൗകര്യമില്ലാതായി. തുടർന്ന് പകരം സൗകര്യമൊരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ജില്ല ആശുപത്രിയുമായി കൂടിയാലോചിച്ച് ഹൗസ് സർജന്മാർക്ക് ക്ലിനിക്കൽ ക്ലാസുകൾ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ ആരംഭിക്കുന്നതോടെ ഹൗസ് സർജന്മാരുടെ പരാതിക്കും പരിഹാരമാകും. ആദ്യഘട്ടത്തിൽ മൈനർ ശസ്ത്രക്രിയകളായിരിക്കും നടത്തുക. പിന്നീട് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിന് അനുസരിച്ച് മേജർ ശസ്ത്രക്രിയകളും നടത്തും. മെഡിക്കൽ കോളജിന് കഴിഞ്ഞയാഴ്ചയാണ് അഗ്നിരക്ഷാസേനയുടെ ഫയർ എൻ.ഒ.സി. ലഭിച്ചത്. ഒരുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. കാലാവധിക്കുശേഷം സർട്ടിഫിക്കറ്റ് പുതുക്കണം. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സ നടക്കുന്നുണ്ടെങ്കിലും രോഗികൾ എത്തുന്നത് കുറവാണ്. നഗരത്തിൽനിന്നും ദൂരെയായതും വേണ്ടത്ര വാഹന സൗകര്യം ഇല്ലാത്തതും രോഗികൾക്ക് തടസ്സമാകുന്നു. ജില്ല ആശുപത്രിയിൽ അതിരാവിലെ തന്നെ രോഗികളുടെ തിരക്ക് അനുഭവപ്പെടുമ്പോൾ മെഡിക്കൽ കോളജിൽ പ്രതിദിനം ഏകദേശം അറുന്നൂറോളം പേർ മാത്രമാണ് ചികിത്സ തേടിയെത്തുന്നത്.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒരുമണി വരെ ഒ.പി പ്രവർത്തിക്കുന്നുണ്ട്. ജനറൽ മെഡിസിൻ, ത്വക്ക്, ഇ.എൻ.ടി, കണ്ണ്, ദന്തരോഗം എന്നിങ്ങനെ 11 ഒ.പികൾ ഇവിടെയുണ്ട്. എല്ലാവിഭാഗത്തിനും ഒന്നിലധികം ദിവസങ്ങളിൽ ഒ.പിയുണ്ട്. കൂടാതെ ഏഴ് വിഭാഗങ്ങളിൽ കിടത്തി ചികിത്സയുമുണ്ട്. മെഡിസിൻ, സർജറി, അസ്ഥിരോഗം, ഇ.എൻ.ടി, ത്വക്ക്, കണ്ണ്, ശ്വാസകോശ സംബന്ധമായ അസുഖം എന്നീ വിഭാഗങ്ങളിലാണ് കിടത്തി ചികിത്സയുള്ളത്. ആകെ 120 കിടക്കകളാണുള്ളത്. കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ 500 കിടക്കകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

