പാലക്കാട് ജില്ലതല പട്ടയമേള ഉദ്ഘാടനം ഇന്ന് കോട്ടമൈതാനത്ത്
text_fieldsപാലക്കാട്: ജില്ലതല പട്ടയമേള തിങ്കളാഴ്ച കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്, എം.പിമാരായ വി.കെ. ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുക്കും. 17,845 പട്ടയങ്ങളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് ജില്ലയിലാണ്.
16,823 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 394 എണ്ണം 1964ലെ ഭൂമി പതിവ് ചട്ടം പട്ടയം, 340 -1963ലെ കേരള ഭൂപരിഷ്കരണ നിയമം പട്ടയം, 11 -1999ലെ കെ.എസ്.ടി. ആക്ട് പട്ടയം, 277 -2005ലെ വനാവകാശ നിയമം പട്ടയം എന്നിങ്ങനെ 17,845 പട്ടയങ്ങളാണ് വിതരണത്തിന് തയാറായിട്ടുള്ളത്.
‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിന്റെ കര്‍മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായാണ് മേള നടക്കുന്നത്. 2000 മുതല്‍ കെട്ടിക്കിടന്ന 20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതും ഇതുവരെയുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ ഫയലുകള്‍ കെ.എല്‍.ആര്. ആക്ട് സെക്ഷന്‍ 72 പ്രകാരം ജന്മിക്കും കുടിയാനും നോട്ടീസ് നല്‍കിയും ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെ അറിയിച്ചും ഹിയറിങ് നടത്തിയുമാണ് 16,823 പട്ടയങ്ങള്‍ സമയബന്ധിതമായി തയാറാക്കിയത്.
സര്‍വേ ചെയ്ത് പ്ലോട്ട് തിരിച്ച് ഫോറം 16 പ്രസിദ്ധീകരിച്ച് അപേക്ഷകള്‍ സ്വീകരിച്ചാണ് ജില്ലയില്‍ ഏറ്റെടുത്ത മിച്ചഭൂമി വിതരണം ചെയ്യാനുള്ളവരെ തെരഞ്ഞെടുത്തത്. ഇതിനുപുറമെ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച 100ാമത് സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും കോട്ടമൈതാനത്തെ വേദിയില്‍ നടക്കും.
മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് കോട്ടമൈതാനത്ത് തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് രൂപവത്കരണം ഉദ്ഘാടനം, 11.30ന് ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം, വൈകീട്ട് 3.30ന് പാലക്കാട് കോട്ടമൈതാനത്ത് ജില്ലതല പട്ടയമേള, 100ാമത് സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം എന്നിവ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

