പാലക്കാട് ജില്ല വികസന സമിതി യോഗം: റോഡ് നിര്‍മാണം 31നകം പൂര്‍ത്തിയാക്കണം -കലക്ടര്‍
text_fieldsപാലക്കാട്: മഴ മുന്നില്‍ക്കണ്ട് മേയ് 31 നകം ജില്ലയിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്കി.മഴ തുടങ്ങുന്നതിന് മുന്‍പ് തുറന്നുകിടക്കുന്ന അഴുക്കുചാലുകള്‍ അടക്കാൻവേണ്ട അടിയന്തര നടപടി സ്വീകരിക്കണം. റോഡരികുകളിലെ അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
അണക്കെട്ടുകളില്‍ പൊതുജനങ്ങള്‍ മാലിന്യം തള്ളുന്നത് തടയാന്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് സി.സി.ടിവികള്‍ സ്ഥാപിക്കണം.ജൂണ്‍ അഞ്ചിനകം എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഹരിത ഓഫിസാക്കി മാറ്റാൻ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന വല്ലപ്പുഴയിലെ റോഡ് പ്രവൃത്തി മഴക്കുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രസ്തുത റോഡിന്റെ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായതായും ടാറിങ് 15 ദിവസത്തിനകം പൂര്‍ണമാകുമെന്നും എല്‍.എസ്.ജി.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി താലൂക്കില്‍ മണ്ണ്, മണല്‍ മാഫിയയുടെ കടന്നുകയറ്റം വര്‍ധിക്കുന്ന പ്രചാരണം ഉയരുന്ന സാഹചര്യത്തില്‍ ആയത് നിയന്ത്രിക്കാൻ വേണ്ട പരിശോധനകള്‍ ഉണ്ടാകണമെന്ന് എം.എല്‍.എ പറഞ്ഞു. ജില്ല ആശുപത്രിയിലെ ആര്.ഡി.സി ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കാൻ പോത്തുണ്ടി ഡാമിന്റെ റൂട്ട് കര്‍വ് ഉയര്‍ത്തണമെന്ന് കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരുമാട്ടി പഞ്ചായത്തിലെ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ നിര്‍മാണം ഒരാഴ്ചക്കകം പൂര്‍ത്തായാക്കുമെന്ന് പി.എം.ജി.എസ്.വൈ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
ഒറ്റപ്പാലം പുഴയോര പാര്‍ക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സർവേ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമില്ലാത്ത ഭൂമിയില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കണമെന്നും തര്‍ക്കമുള്ള സ്വകാര്യ ഭൂമിയില്‍ പ്രശ്നം പരിഹരിക്കണമെന്നും അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
യോഗത്തില്‍ എം.എല്‍.എമാരായ കെ. ബാബു, മുഹമ്മദ് മുഹ്സിന്, അഡ്വ. കെ. ശാന്തകുമാരി, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ പ്രതിനിധി നൂര്‍ മുഹമ്മദ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്, ആര്.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
നെല്ലുവില നിലവിലെ ബാങ്ക് അക്കൗണ്ട് വഴിയാകണമെന്ന് എം.എല്‍.എയുടെ പ്രമേയം
പാലക്കാട്: രണ്ടാംവിള നെല്ല് സംഭരണ തുക കര്‍ഷകരുടെ നിലവിലെ ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ പ്രമേയം. എം.എല്‍.എക്കുവേണ്ടി പ്രതിനിധി നൂര്‍ മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. സംഭരിച്ച നെല്ലിന്റെ വില നൽകാൻ മൂന്ന് ദേശസാത്കൃത ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, കര്‍ഷകര്‍ക്ക് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളില്‍ അക്കൗണ്ട് ഇല്ലാത്തതിനാല്‍ ഇതിനുള്ള സമയനഷ്ടം ഒഴിവാക്കുന്നതിന് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യണമെന്നാണ് പ്രമേയം. ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങളിലാണ് അക്കൗണ്ട്. ഇതിലൂടെയും നെല്ല് വില വിതരണം ചെയ്യാൻ നടപടിസ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ എം.എൽ.എ ആവശ്യപ്പെടുകയും എം.എല്‍.എമാരായ കെ. ബാബു, അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

