പനയൂർ കാവിലെ പാലട പ്രഥമൻ; രുചിയുടെ പതിനാലാം വർഷം
text_fieldsകടമ്പൂർ പനയൂർ കാവിൽ തിരുവോണത്തിന് നടന്ന പാലട പായസം വിതരണത്തിന്റെ ഉദ്ഘാടനം വി.കെ ഉണ്ണികൃഷ്ണൻ
നിർവഹിക്കുന്നു
ഒറ്റപ്പാലം: പാരമ്പര്യത്തനിമയും നാടൻ രുചിയും കൈവിടാതെ കടമ്പൂർ പനയൂർ കാവിലെ പാലട പ്രഥമൻ ഇത്തവണയും നാടറിഞ്ഞു. തിരുവോണ നാളിൽ പനയൂർ കാവിലെ പാലട തന്നെ വേണമെന്നുള്ളവരുടെ എണ്ണം വർഷം തോറും വർധിച്ചുവരികയാണ്.
ഇത്തവണ 1,378 ലിറ്റർ പശുവിൻ പാലാണ് പായസത്തിനായി ഉപയോഗിച്ചത്. മേഖലയിലെ 15ഓളം പാൽ സൊസൈറ്റികളിൽ നിന്നുള്ള പാലാണ് ഇതിനായി ശേഖരിച്ചത്. ഉത്രാടം ദിവസം ഉച്ചക്ക് ശേഖരിക്കുന്ന പാൽ പഞ്ചസാര ചേർത്ത് ഉടൻ തിളപ്പിക്കുന്നതാണ് രീതി. അടുപ്പ് കത്തിക്കാൻ പുളിവിറക് മാത്രം ഉപയോഗിക്കുന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
പായസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളും പാചക വിദഗ്ധരും ഉത്രാടം മുതൽ തിരുവോണ പുലരിവരെ സജീവമായുണ്ടാകും. ദൂരദിക്കുകളിൽ നിന്നുള്ളവരും ഇതരമതസ്ഥരും ഉൾപ്പെടെയുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്താണ് പായസം വാങ്ങാനെത്തുന്നത്. ക്ഷേത്രാങ്കണത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ പൂക്കളവും മതേരുവെപ്പും ഒരുക്കിയിരുന്നു. തിരുവോണ പാലടയുടെ വിതരണോദ്ഘാടനം ക്ഷേത്രഘോഷ കമ്മിറ്റി സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണൻ കെ. ശങ്കരനാരായണന് നൽകി നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളായ പി. മോഹൻകുമാർ, വി.കെ. ഉണ്ണികൃഷ്ണൻ, എം. രവികുമാർ, കെ.പി. സ്വാമിനാഥൻ, മോഹൻദാസ്, പി.പി. ഹരിദാസ്, കെ. രാമകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ. രാമകൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. സുനിൽകുമാർ, സി.പി. രാജകുമാർ എന്നിവരും ക്ഷേത്ര ജീവനക്കാരും തിരുവോണ പാലടയൊരുക്കലിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

