നെല്ല് സംഭരണ നിയന്ത്രണം: കർഷകർ വെട്ടിൽ
text_fieldsപാലക്കാട്: വയലുകളിൽ വിളയിച്ചെടുത്ത നെല്ല് താങ്ങുവില നൽകി ശേഖരിക്കുന്നതിൽ സപ്ലൈകോ നിയന്ത്രണം ഏർപ്പെടുത്തിയത് കർഷകരെ വെട്ടിലാക്കി. ഈ സീസണിൽ ഏക്കറിന് 2200 കിലോ വരെ മാത്രമേ സംഭരിക്കൂ എന്നാണ് സപ്ലൈകോ നിലപാട്. ജില്ലയിൽ പല പാടശേഖരങ്ങളിലും ഉയർന്ന വിളവ് ലഭിക്കുന്ന സാഹചര്യമാണ്. നെല്ല് സംഭരണത്തിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉയർന്ന പരിധി നിശ്ചിയിച്ചിട്ടില്ലാത്തതിനാൽ കർഷകരിൽനിന്നും എത്ര അളവ് വേണമെങ്കിലും നെല്ല് സംഭരിക്കാം.
എന്നാൽ ഇടനിലക്കാരായ ഏജൻറുമാർ ചില കർഷകരെ സ്വാധീനിച്ച് പുറത്തുനിന്ന് വാങ്ങിയ നെല്ല് ഉപയോഗിച്ച് കർഷകരുടെ പെർമിറ്റ് ദുരുപയോഗപ്പെടുത്തി സപ്ലൈകോ-കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിപ്പ് നടത്തുന്നത് വർധിച്ചതോടെയാണ് സപ്ലൈകോ പരിധി നിശ്ചയിച്ചത്. എന്നാൽ ഏക്കറിന് 2200 കിലോയിൽ കൂടുതൽ നെല്ല് ലഭിച്ച കർഷകരുടെ വയലുകൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് പരിശോധിക്കാവുന്നതാണ്. പല കൃഷിവകുപ്പ് ജീവനക്കാരും ഇതിന് തയാറല്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
നെല്ലിന് പ്രോത്സാഹന ബോണസ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിറകെ വയലുകളിൽ വിളഞ്ഞ നെല്ല് പൂർണമായി എടുക്കുന്നതിലും നിയന്ത്രണമേർപ്പെടുത്താനുള്ള സപ്ലൈകോ നിലപാടിൽ കർഷകർ ആശങ്കയിലാണ്. അഞ്ചേക്കർ വരെ കൃഷി ചെയ്യുന്ന ചെറുകിട നാമമാത്ര കർഷകർക്കും 25 ഏക്കർ വരെ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും സംസ്ഥാന പ്രോത്സാഹന ബോണസ് ഉൾപ്പെടെ നെല്ലിന് കിലോഗ്രാമിന് 28.20 രൂപയും ഇതിലധികം കൃഷി ചെയ്യുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും താങ്ങുവിലയായ 20.40 രൂപയും നൽകാനാണ് പുതിയ തീരുമാനം. ഒരോ കൃഷിഭവൻ പരിധിയിലും 15 ശതമാനം പേരും അഞ്ച് ഏക്കറിന് മുകളിൽ നെൽകൃഷിയുള്ള കർഷകരാണ്.ഇവർക്ക് അടിസ്ഥാന താങ്ങുവില 20.40 രൂപ പ്രകാരമാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

