സംഭരണവില കിട്ടാൻ വൈകുന്നു; നെൽകൃഷി വിട്ട് കർഷകർ വാഴകൃഷിയിലേക്ക്
text_fieldsവിളയൂരിൽ നെൽകൃഷി ചെയ്തിരുന്നിടത്തെ വാഴകൃഷി
പാലക്കാട്: നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസവും മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം കർഷകർ നെൽകൃഷിയിൽനിന്നും വിട്ടു നിൽക്കുന്നു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് പലകർഷകരും നെൽകൃഷിയിൽനിന്നും വിട്ടുനിന്ന് മറ്റ് കൃഷികളിലേർപ്പെടുന്നത്. കപ്പ, വാഴ പോലുള്ള കൃഷികളാണ് അധികംപേരും ചെയ്യുന്നത്. കഴിഞ്ഞ ഓണക്കാലത്തിനുശേഷം നേന്ത്രക്കായക്ക് മികച്ച വില ലഭ്യമാവുന്നതും പലരേയും വാഴകൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ അളന്ന നെല്ലിന് പി.ആർ.എസ് ലഭിച്ചില്ലെന്ന് മാത്രമല്ല വില എന്ന് കിട്ടുമെന്ന് നിശ്ചയവുമില്ലാത്തത് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
കനറ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർക്ക് നെല്ലിന്റെ വില കൊടുക്കാതായിട്ട് മാസമായി. പലരും ബ്രാഞ്ചിൽ പോയി അന്വേഷിക്കുമ്പോൾ കൃത്യമായ ഉത്തരം നൽകാൻ വിമുഖത കാണിക്കുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു. കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഏപ്രിൽ ഒന്നുമുതൽ കനറാബാങ്ക് പി.ആർ.എസ് വായ്പാവിതരണം നിർത്തിവെച്ചത്.
കാലങ്ങളായി നെൽകർഷകർ പലവിധ ബുദ്ധിമുട്ടുകളും സഹിച്ചാണ് കൃഷിചെയ്യുന്നത്. പല കർഷകരും ഉദ്യോഗസ്ഥരുടെയും സ്വകാര്യമില്ലുകാരുടെയും ഇടയിൽപെട്ട് ദുരിതംപേറുകയാണ്. കൃഷിഭവൻ നൽകിയ വിത്ത് ഉപയോഗിച്ച് കൃഷിചെയ്തവരോട് നെല്ല് മട്ടയല്ലെന്ന് പറഞ്ഞ് നെല്ലെടുക്കാതെപോയ മില്ലുകാരുള്ളതായി പേരടിയൂർ പാടശേഖരസമിതി സെക്രട്ടറി സെയ്തലവി പറഞ്ഞു. കൊയ്ത്തിനുശേഷം നെല്ല് കയറ്റാൻ വണ്ടി വരാത്ത പ്രശ്നവുമുണ്ട്. വിട്ടുവരാന്തയിലും പാറയിലും പാതയോരത്തും ചാക്കിലാക്കിയ നെല്ല് ടാർപ്പായകൊണ്ട് മൂടി ലോറി വരുന്നതും കാത്തിരിപ്പാണ് പല കർഷകരും.
മഴയും പന്നിശല്യവും ഇവർക്ക് ഭീഷണിയാണ്. ഗുണമേന്മയുടെ പേരിൽ നെല്ലിന്റെ അളവിൽ മില്ലുകാർ കുറവ് വരുത്തുന്നതും പതിവാണ്. ആദ്യകാലങ്ങളിൽ സൈപ്ലകോ അധികൃതരാണ് ഗുണമേന്മ നോക്കിയിരുന്നതെങ്കിൽ ഇപ്പോൾ മില്ലുകാരും ഇത് പരിശോധിക്കുന്നു. ക്വിന്റലിൽ നാലഞ്ച് കിലോവരെ കുറവ് പലപ്പോഴും വരുത്താറുണ്ടെന്ന് സെയ്തലവി പറയുന്നു.
ഏക്കറിന് സർക്കാർ നിശ്ചയിച്ചതിലും അധികം വിളവ് ലഭിച്ചാലും മില്ലുകാരെകൊണ്ട് എടുപ്പിക്കുക എന്നത് ശ്രമകരമാണ്. കഴിഞ്ഞ തവണ 22-23 രൂപക്കാണ് അധികനെല്ല് അളന്നുപോയത്. പല സ്ഥലങ്ങളിലും മില്ലുകാർ നേരിട്ടുവരാതെ ഏജന്റുമാരാണ് നെല്ലെടുക്കാൻ വരുന്നത് എന്നതും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

