Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:38 AM IST Updated On
date_range 27 Feb 2022 5:38 AM ISTPACAKGE ഉൽപാദനം കേമം; വിലയിടിഞ്ഞ് പച്ചക്കറി
text_fieldsbookmark_border
ഉൽപാദനം കേമം; വിലയിടിഞ്ഞ് പച്ചക്കറി തൃശൂർ: ഉൽപാദനം കൂടിയതോടെ വിലയിടിഞ്ഞ് പച്ചക്കറി. കിലോക്ക് 120 രൂപ വരെ എത്തിയ തക്കാളിക്ക് ഇപ്പോൾ 10 രൂപയാണ് വില. കഴിഞ്ഞ ആഴ്ചകളിൽ 15 രൂപയായിരുന്നു വില. കഴിഞ്ഞ മാസങ്ങളിൽ കിലോ 20 രൂപക്ക് ഒരു പച്ചക്കറിയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വെണ്ട, പടവലം, ചുരക്ക, വെള്ളരിക്ക, പയർ എന്നിവക്ക് 20 രൂപയാണുള്ളത്. ബീറ്റ്‌റൂട്ട്, കുക്കുംബർ, എളവൻ, കൊള്ളിക്കിഴങ്ങ് തുടങ്ങിയവയുടെ വില 25 രൂപയിലേക്ക് ചുരുങ്ങി. വലിയ വില ഉണ്ടായിരുന്ന ബീൻസിന് 28 രൂപയാണിപ്പോഴുള്ളത്. കിലോക്ക് 30 രൂപയുമായി കാബേജ്, ഉരുളക്കിഴങ്ങ്, ചേന, നാടൻ കുമ്പളം, കോളിഫ്ലവർ എന്നിവയുമുണ്ട്. 35 രൂപയാണ് മത്തങ്ങ വില. ഉള്ളിക്കും സവാളക്കും കൊത്തമരക്കും 40 രൂപയാണ്. വഴുതനങ്ങ (45), പാവയ്ക്ക (46), കോവക്ക, പച്ചക്കായ (50), കൈതച്ചക്ക (55), കാരറ്റ് (56), ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ, (60), കറിനാരങ്ങ (70), ചെറുനാരങ്ങ (80), ക്യാപ്സിക്കം (90), പച്ചമുളക് (100), വെളുത്തുള്ളി (120) എന്നിങ്ങനെയാണ് വില. രണ്ടാഴ്ച മുമ്പ് കിലോക്ക് 220 മുതൽ 250 വരെ വിലയുണ്ടായിരുന്ന മുരിങ്ങ വരെ 150ലേക്ക് താഴ്ന്നു. നേന്ത്രപ്പഴം, പൂവൻപഴം, ഞാലിപ്പൂവൻ (50), റോബസ്‌റ്റ (32), കണ്ണൻപഴം, ചെറുപഴം (30) എന്നിങ്ങനെയാണ് പഴവില. ഉയർന്ന ഉൽപാദനമാണ് വില കുറയാൻ കാരണം. അതുകൊണ്ടുതന്നെ വലിയതോതിലാണ് ശക്തൻ അടക്കം ജില്ലയിലെ മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തുന്നത്. വില കിട്ടാതെ കർഷകർ ഉയർന്നതോതിൽ പച്ചക്കറി ഉൽപാദനം കൂടിയതോടെ തമിഴ്നാട്ടിൽ കർഷകർ വില കിട്ടാതെ അലയുകയാണ്. കഴിഞ്ഞ വർഷത്തെപ്പോലെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഇക്കുറി ഉണ്ടായില്ല. അതുകൊണ്ടുതന്നെ കൃഷി ചെയ്തത് ഭൂരിഭാഗവും വിള കിട്ടി. അനുകൂല സാഹചര്യം ഉണ്ടായതോടെ വിലയിടിയുകയും ചെയ്തു. വില കുറഞ്ഞതോടെ വിളവെടുപ്പുതന്നെ ഏറെ ചെലവേറിയതായി. പാകമായ പയർ പറിക്കുന്നതിന് ചാക്ക് ഒന്നിന് 70 രൂപയാണ് കൂലി. ഒപ്പം തൊഴിലാളികൾക്ക് ഭക്ഷണവും നൽകണം. വിളവെടുപ്പ് നടത്തിയ പയർ കൊണ്ടുപോകുന്നതിന് ഗതാഗത കൂലിയും കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിളവെടുപ്പ് നടത്തി നഷ്ടം വരുത്തിവെക്കാൻ കർഷകർ മടിക്കുകയാണ്. അതിനിടെ ചില കൃഷിഭൂമിയിലേക്ക് പശുക്കളെ അഴിച്ചുവിട്ട് പയർ അവക്ക് തീറ്റയായി കൊടുത്തതായും ഏജന്‍റുമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ---- യുദ്ധത്തിന്‍റെ പേരിൽ വില കയറ്റാൻ ശ്രമം തൃശൂർ: റഷ്യ -യുെക്രയ്ൻ യുദ്ധത്തിന്‍റെ പേരിൽ പച്ചക്കറി വില കയറ്റാൻ വിവിധ ഇടങ്ങൾ ശ്രമം. കിലോക്ക് 10 രൂപയുള്ള തക്കാളിക്ക് 40 രൂപ വരെ വില പറഞ്ഞ വ്യാപാരികൾ വിവിധയിടങ്ങളിലുണ്ട്. വില കുറഞ്ഞ സാഹചര്യത്തിൽ എന്താണ് ഇത്രയധികം വില എന്ന് ചോദിച്ചവരോട് യുദ്ധമല്ലേ, എല്ലാത്തിനും വില കൂടുമെന്നാണ് മറുപടി. ക്രൂഡ് ഓയിലിന് വില കൂടിയതിനാൽ സാധനം വിപണിയിൽ എത്താൻ ഗതാഗത ചെലവ് കൂടുമെന്ന ന്യായമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ വിപണിയിൽ കർശനമായ പരിശോധന അധികൃതരുടെ ഭാഗത്തുനിന്ന് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story