മോഷ്ടിച്ച പോത്തിനെ വാണിയംകുളം ചന്തയിൽ വിൽക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ
text_fieldsഒറ്റപ്പാലം: വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ പട്ടാപ്പകൽ മോഷ്ടിച്ച് കൊണ്ടുപോയി വാണിയംകുളം ചന്തയിൽ വിൽക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ. കുന്നംകുളം ചിറമനങ്ങാട് സ്വദേശി രഹ്‌നാസിനെയാണ് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി ഒറ്റപ്പാലം പൊലീസിൽ ഏൽപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
പട്ടാമ്പി നമ്പ്രം കീഴായൂർ സ്വദേശി അഷറഫിന്റെ പോത്തിനെയാണ് യുവാവ് മോഷ്ടിച്ചത്. പുല്ലും വെള്ളവും നൽകി നമ്പ്രത്തെ വീട്ടുമുറ്റത്ത് കെട്ടിയിട്ട പോത്തിനെ യുവാവ് റെയിൽ പാളത്തിലൂടെയും ഇടവഴികൾ താണ്ടിയും രണ്ട് കിലോമീറ്റർ നടത്തിച്ച് ഉമിക്കുന്നിൽ എത്തിച്ചു. പിന്നീട് അവിടെനിന്നും വാടകക്ക് വിളിച്ച പിക്കപ്പിൽ കയറ്റി വാണിയംകുളം ചന്തയിലേക്കും കൊണ്ടുപോയി.
ഇതിനിടയിലാണ് യാദൃശ്ചികമായി മേലെപട്ടാമ്പിയിൽനിന്ന് പോത്തിനെ കടത്തിക്കൊണ്ടുപോവുകയായിരുന്ന വാഹനം, ഉടമ അഷറഫിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പോത്തിനെ കണ്ട് സംശയം തോന്നിയ അഷറഫ് വീട്ടിലെത്തി നോക്കിയപ്പോൾ കെട്ടിയിട്ട സ്ഥലത്ത് പോത്തിനെ കാണാനായില്ല. പോത്ത് മോഷ്ടിക്കപ്പെട്ടതായി ഉറപ്പിച്ച അദ്ദേഹം ഉടൻ തന്നെ ആൾ കേരള കാറ്റിൽ മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ വാഹനത്തിന്റെ വിവരങ്ങൾ സന്ദേശമായി നൽകി. കൂടാതെ പട്ടാമ്പി പൊലീസിൽ പരാതിയും സമർപ്പിച്ചു.
ഇതിനിടെ ഒരു യുവാവ് നമ്പ്രം പ്രദേശത്തുനിന്നും പോത്തിനെ കൊണ്ടുപോകുന്നതിന്റെ സി.സി.ടി.സി ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച പോത്തിനെ ചന്തയിലെത്തിച്ച ശേഷം കച്ചവടം ഉറപ്പിക്കുന്നതിനിടയിലാണ് സന്ദേശം ശ്രദ്ധയിൽപെട്ട കച്ചവടക്കാരിൽ ചിലർക്ക് സംശയം തോന്നിയതിനെ തുടർന്ന് പ്രതിയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്.
പ്രതി മോഷണം സമ്മതിച്ചതോടെ ഒറ്റപ്പാലം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പട്ടാമ്പി പൊലീസിന് കൈമാറുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പിലാവ്, കുഴൽമന്ദം, വാണിയംകുളം തുടങ്ങിയ ചന്തകളിൽനിന്ന് കന്നുകാലികൾ മോഷണം പോയ സംഭവങ്ങളിൽ പ്രതിക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
കന്നുകാലികളെ മോഷ്ടിച്ച് ചന്തകളിൽ വിൽക്കുന്നത് പതിവാകുകയാണെന്നും ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആൾ കേരള കാറ്റിൽ മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

