ഒറ്റപ്പാലത്ത് വീണ്ടും പന്നിവേട്ട; 30 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
text_fieldsഒറ്റപ്പാലം നഗരസഭയിലെ വിവിധ വാർഡുകളിൽനിന്ന് വെടിവെച്ചിട്ട കാട്ടുപന്നികളുടെ ജഡം നിരത്തിയിട്ടപ്പോൾ
ഒറ്റപ്പാലം: പന്നിശല്യം മൂലം കൃഷിനാശം ഗണ്യമായി വർധിച്ചതോടെ നീണ്ട ഇടവേളക്ക് ശേഷം ഒറ്റപ്പാലത്ത് വീണ്ടും ഷാർപ്പ് ഷൂട്ടർമാരിറങ്ങി. ശനിയാഴ്ച വൈകീട്ട് ആറ് മുതൽ ഞായറാഴ്ച രാവിലെ എട്ട് വരെ നീണ്ട പ്രയത്നത്തിനൊടുവിൽ 30 കാട്ടുപന്നികളെയാണ് സംഘം വെടിവെച്ചുകൊന്നത്. കർഷകർക്കും കാൽനടക്കാർക്കും വലിയ തോതിൽ പന്നിശല്യം ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് നഗരസഭ അധ്യക്ഷ കെ. ജാനകി ദേവിയുടെ ഇടപെടൽ. ഇതേ തുടർന്ന് ആറ് ഷാർപ്പ് ഷൂട്ടർമാരെയാണ് പന്നി വേട്ടക്ക് നിയോഗിച്ചത്.
സംഘത്തിന് നാട്ടുകരും സഹായികളായി. പന്നിശല്യം രൂക്ഷമായി അനുഭവപ്പെടുന്ന 12 വാർഡുകളിലാണ് സംഘം ഇറങ്ങിയത്. കർഷകരുടെ വിള നശിപ്പിക്കുന്നതോടൊപ്പം വാഹനങ്ങൾക്ക് കുറുകെ ചാടി നിരവധി അപകടങ്ങളും പന്നി മൂലമുണ്ടായിട്ടുണ്ട്. അലി നെല്ലേങ്ങര, വരിക്കത്ത് ദേവകുമാർ, വരിക്കത്ത് ചന്ദ്രൻ, വി.ജെ. തോമസ്, സുരേഷ്ബാബു പൂക്കോട്ടുകാവ്, സുരേഷ് ബാബു ഒറ്റപ്പാലം എന്നിവരടങ്ങിയ സംഘമാണ് പന്നിവേട്ടക്ക് നേതൃത്വം നൽകിയത്. ഈസ്റ്റ് ഒറ്റപ്പാലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചത്ത പന്നികളെ സംസ്കരിച്ചു. 2022 ഡിസംബറിലായിരുന്നു നേരത്തേ പന്നികളെ വെടിവെച്ചു കൊന്നത്.