വാണിയംകുളത്ത് വീണ്ടും തെരുവുനായ് ആക്രമണം; ഏഴ് ആടുകളെ കടിച്ചുകൊന്നു
text_fieldsതെരുവ് നായ്ക്കൾ കടിച്ചുകൊന്ന ആടുകൾ
ഒറ്റപ്പാലം: വാണിയംകുളത്ത് വീണ്ടും വളർത്തുമൃഗങ്ങൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. വാണിയംകുളം കോതയൂരിൽ ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെയുണ്ടായ ആക്രമണത്തിൽ ഏഴ് ആടുകൾ കൊല്ലപ്പെട്ടു. ആറ് ആടുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു ആട്ടിൻകുട്ടിയെ നായ്ക്കൾ കടിച്ചുകൊണ്ടുപോവുകയും ചെയ്തു.
കോതയൂർ ചൂരക്കോട്ടിൽ അയ്യപ്പന്റെ ആടുകൾക്ക് നേരെയാണ് ആക്രണമുണ്ടായത്. ഗർഭിണികളായ മൂന്ന് വലിയ ആടുകളെയും മൂന്ന് ചെറിയ ആടുകളെയും കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടിൽ ആകെ 18 ആടുകളാണുണ്ടായിരുന്നത്. കൂട് തകർത്തായിരുന്നു ആക്രമണം. വെറ്ററിനറി ഡോക്ടറെത്തി പരിക്കേറ്റ ആടുകൾക്ക് പ്രാഥമിക ചികിത്സ നൽകി. ക്ഷീരകർഷകനായ അയ്യപ്പന്റെ ഏക വരുമാനമാർഗമാണ് തെരുവുനായ്ക്കളുടെ തുടർച്ചയായ ആക്രമണത്തിൽ ഇല്ലാതായത്. ഏതാനും മാസം മുമ്പാണ് അയ്യപ്പന്റെ ആറ് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ ഫാമിലെ രണ്ട് പശുക്കൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവക്കെല്ലാം പുറമെയാണ് ഇപ്പോഴുണ്ടായ ദുരന്തം. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിൽ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അയ്യപ്പൻ പറഞ്ഞു. സംഭവമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
പ്രദേശത്തെ തെരുവുനായ് ഭീഷണിക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ വി.കെ. ജയശ്രീ ആവശ്യപ്പെട്ടു. തെരുവ് നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ പ്രദേശവാസികൾ ആധിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പ്രദേശവാസികളായ ചെട്ടിത്തൊടിയിൽ വിജേഷിന്റെ രണ്ട് പശുക്കളും എടക്കോട് പ്രഭയുടെ രണ്ട് പശുക്കളും ചത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

