കുടിവെള്ളത്തിന് നെട്ടോട്ടം; വരോട് മേഖലയിൽ രണ്ടായിരത്തോളം കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsറോഡ് നിർമാണത്തിനിടയിൽ വരോട് ഷാപ്പുംപടിയിൽ പൈപ്പ് പൊട്ടിയപ്പോൾ
ഒറ്റപ്പാലം: വരോട് പ്രദേശത്തെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടി. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ജലവിതരണ പൈപ്പ് തകർന്നതാണ് ജലക്ഷാമത്തിന് കാരണം. വരോട് ഷാപ്പുംപടിയിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വരോട് മേഖലയിലെ ഒന്ന്, രണ്ട്, മൂന്ന്, 38, 39 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം അപ്പാടെ സ്തംഭിച്ച നിലയിലാണ്.
ജല അതോറിറ്റി പൈപ്പ് വെള്ളം ആശ്രയിക്കുന്ന കുടുംബങ്ങൾ ബദൽ സംവിധാനത്തിന്റെ അഭാവത്തിൽ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. പൈപ്പ് തകർന്ന് രണ്ട് ദിവസമായിട്ടും പരിഹാര നടപടികൾ ഉണ്ടായില്ലെന്ന് നിയുക്ത വാർഡ് കൗൺസിലർ മുഹമ്മദ് അലി നാലകത്ത് പറഞ്ഞു. വിളിച്ചറിയിച്ചതിന് പുറമെ ജല അതോറിറ്റി ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് ദിവസത്തിലൊരിക്കലാണ് പ്രദേശത്ത് വെള്ളമെത്തുന്നത്. വെള്ളമെത്തുന്ന ദിവസമാണ് പൈപ്പ് പൊട്ടലുമെന്നതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. മാസങ്ങളായി നടക്കുന്ന റോഡ് നിർമാണം അടുത്ത കാലത്തൊന്നും തീരുന്ന ലക്ഷണമില്ല. ഇതിനിടയിൽ അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് തുടർക്കഥയുമായി. കടുത്ത ജലക്ഷാമം ദുരിതത്തിലാക്കുന്ന വേനലിൽ അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

