‘മാധ്യമം’ വാർത്ത തുണച്ചു; അമീറിനും ബാലനും അഭയകേന്ദ്രമായി
text_fieldsഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബാലനെയും അമീറിനെയും ആലുവയിലെ സോഷ്യൽ വെൽഫയർ ട്രസ്റ്റ് ഭാരവാഹികൾ കൊണ്ടുപോകുന്നു
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കും തെരുവിനുമിടയിൽ ജീവിതം കുടുങ്ങിപ്പോയ ബാലനും (70) അമീറും (30) ഒടുവിൽ സനാഥരായി. ഉറ്റവരാരുമില്ലാത്ത ഇരുവരെയും ആലുവയിലെ സോഷ്യൽ വെൽഫയർ ട്രസ്റ്റ് ഭാരവാഹികൾ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ബാലനെയും അമീറിനെയും കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇവർക്ക് തുണയായത്.
വാർത്ത ശ്രദ്ധയിൽ പെട്ട ട്രസ്റ്റ് ഭാരവാഹികൾ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭനുമായി ഫോണിൽ ബന്ധപ്പെടുകയും ഇരുവരെയും ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ ട്രസ്റ്റ് പ്രതിനിധികൾ ആശുപത്രിയിലെത്തി പൊലീസ് റിപ്പോർട്ടും അനുബന്ധ രേഖകളും ശരിയാക്കി ഇരുവരെയും ആലുവയിൽ അവർ നടത്തുന്ന അഗതിമന്ദിരത്തിലേക്ക് കൊണ്ടുപോയി. ഒരു മാസം മുമ്പാണ് കാലിലെ പഴുത്ത വ്രണവുമായി ബാലൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഇദ്ദേഹം ആരോഗ്യവനായിരുന്ന കാലത്ത് പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. അവിവാഹിതനാണെന്നും ബന്ധുക്കളാരുമില്ലെന്നുമാണ് വിവരം. ഒറ്റപ്പാലത്ത് തെരുവിൽ കഴിയവേയാണ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്.
അരക്ക് താഴെ ചലനശേഷി നഷ്ടമായ അമീറിനെ കാലിൽ മുറിവുമായി ആശുപത്രിയിലെത്തിച്ചത് റെയിൽവേ പൊലീസായിരുന്നു.
ഉത്തരേന്ത്യക്കാരനായ അമീറിന് സംസാരവൈകല്യവുമുണ്ട്. ഒരു മാസം നീണ്ട ചികിത്സക്ക് ശേഷം ഇവരെ തെരുവിലേക്ക് തള്ളിവിടാനും ആശുപത്രിയിൽ തുടർന്നും അനന്തമായി പാർപ്പിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു ആശുപത്രി അധികൃതർ. പുതുതായി എത്തുന്ന കിടപ്പ് രോഗികൾക്ക് കിടക്ക ആവശ്യമായി വരുമെന്നതിനാൽ ഇവരെ പറഞ്ഞുവിടുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
ഉച്ചക്കും രാത്രിയും ഇരുവർക്കും ഭക്ഷണം ആശുപത്രിയിൽ നിന്ന് ലഭിക്കും. രാവിലെ പ്രാതൽ എത്തിച്ചു നൽകുന്നതും കുളിപ്പിച്ച് വസ്ത്രം മാറ്റുന്നതും പ്രദേശത്തെ ഓട്ടോ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിയായിരുന്നു. ഇനിയും തെരുവിൽ കഴിയാൻ വയ്യെന്ന് വിലപിക്കുന്ന ഇവർ ആരെങ്കിലും ഏറ്റെടുത്താൽ കൂടെ പോകാനും തയ്യാറായിരുന്നു.
ഒടുവിൽ വാർത്ത തുണയായി. ജനപ്രതിനിധികളായ ടി പി പ്രദീപ് കുമാർ, സായി കിരൺ, ആശുപത്രി സൂപ്രണ്ട് എം.എസ്. പത്മനാഭൻ, ഫ്രാൻസി എന്നിവർ ട്രസ്റ്റ് പ്രതിനിധികൾക്കൊപ്പം ബാലനെയും അമീറിനെയും യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

