കുതിരകളിക്ക് കെട്ടിലമ്മ ഒരുങ്ങുന്നു
text_fieldsഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂൾ മൈതാനിയിൽ
‘കെട്ടിലമ്മ’യെ അണിയിച്ചൊരുക്കുന്നു
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരോത്സവത്തിന്റെ കാഴ്ചവട്ടങ്ങളിൽ സവിശേഷതയാർന്ന കുതിരകളിക്ക് ഒറ്റപ്പാലത്ത് ‘കെട്ടിലമ്മ’ ഒരുങ്ങുന്നു. മാമാങ്ക സ്മരണകളിരമ്പുന്ന ചിനക്കത്തൂരിന്റെ വേറിട്ട കുതിരകളിയിൽ ആകാശ കാഴ്ചയാകുന്ന 16 കുതിരക്കോലങ്ങളിൽ ഏക സ്ത്രീ സാന്നിധ്യമായ കെട്ടിലമ്മയെ കെട്ടി എഴുന്നള്ളിക്കുന്നത് ഒറ്റപ്പാലം ദേശത്തുനിന്നാണ്. ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂൾ മൈതാനിയിലാണ് പരമ്പരാഗതമായി നിർമാണ ചുമതല വഹിക്കുന്നവരുടെ കൈകളിൽ കൂറ്റൻ കുതിരക്കോലം ഒരുങ്ങുന്നത്.
പടിഞ്ഞാറ്, കിഴക്കൻ ചേരികളിലായി എട്ട് വീതം കുതിരക്കോലങ്ങളാണ് പൂരത്തിന് അണിനിരക്കുക. ദേവസ്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സാമൂതിരി, വരിക്കുമാഞ്ചേരി, അമ്പാടി കോവിലകം, പുതുക്കോവിലകം, സമുദായം എന്നീ അഞ്ചു കുതിരകളുടെ ഒരുക്കം. ശേഷിക്കുന്നവ ദേശങ്ങളിൽ നിന്നുള്ളവയുമാണ്. ഇവയുടെ നിർമാണ പ്രവൃത്തികൾ അതാത് ദേശങ്ങളിൽ പുരോഗമിക്കുകയാണ്.
പരമ്പരാഗതമായി കെട്ടിലമ്മയെ അണിയിച്ചൊരുക്കി ക്ഷേത്രത്തിൽ എത്തിക്കുന്നതിനുള്ള അവകാശം തോട്ടക്കരയിലെ നമ്പ്രത്ത് തറവാടിനാണ്. കുതിരയെ അണിയിച്ചൊരുക്കുന്നത്തിന്റെ ചെലവ് ഉൾപ്പടെയുള്ള നിരീക്ഷണ ചുമതല ഇപ്പോഴത്തെ കാരണവരായ എൻ.എൻ. സുന്ദരത്തിനാണ്. ഒന്നര ലക്ഷം രൂപ ചെലവ് വരുന്ന കുതിരയുടെ നിർമാണത്തിന് അഞ്ച് ദിവസം വേണം.
ഞായറാഴ്ച ഉച്ചക്ക് 2.30ന് ചിനക്കത്തൂർ ക്ഷേത്രസന്നിധിയിലെ കുതിരക്കോലങ്ങൾക്ക് തലവെക്കുന്ന മുറക്ക് മുഴങ്ങുന്ന ഈട് വെടിക്കായി ദേശങ്ങളിലെ പണ്ടാരക്കുതിരകളും ഊഴം കാത്ത് നിൽക്കുകയാണ്. പതിവനുസരിച്ച് കെട്ടിലമ്മക്കും തല എടുത്തണിയിക്കുക അപ്പോഴാണ്.
ചിനക്കത്തൂർ പൂരത്തിന് വാശിയേറിയ കുതിരക്കളിയിൽ പങ്കാളിയാകാനുള്ള കെട്ടിലമ്മയുടെ പുറപ്പാട് പൂരം ദിവസമായ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

