ഭിന്നശേഷി സൗഹൃദ വീടിന്റെ താക്കോൽ ദാനം നാളെ
text_fieldsമാജിക് ഹോം പദ്ധതിയുടെ ഭാഗമായി നിർമിച്ച
ഭിന്നശേഷി സൗഹൃദ വീട്
ഒറ്റപ്പാലം: മാജിക് ഹോം പദ്ധതിയുടെ ഭാഗമായി വരോട് പൂർത്തിയാക്കിയാക്കിയ ഭിന്നശേഷി സൗഹൃദ വീടിന്റെ താക്കോൽ ദാനം ചൊവ്വാഴ്ച നടക്കും. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറൻറ് ആര്‍ട് സെൻററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതാണ് മാജിക് ഹോം പദ്ധതി.
ജില്ലയിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നും ഡിഫറൻറ് ആര്‍ട് സെൻറർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുത്ത കുടുംബത്തിനാണ് വീട് അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ 11ന് വരോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ ചെറുകഥാകൃത്ത് വൈശാഖന്, സംവിധായകൻ ലാല്‍ജോസ്, ഡിഫറൻറ് ആര്‍ട് സെൻറർ ചെയര്മാന് ജിജി തോംസണ്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സ്മാര്‍ട്ട് അസോസിയേറ്റ്സ് എം.ഡി മനോജ് കുമാര്‍ കാഞ്ഞിരത്തൊടി എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോൽ ദാനം നിർവഹിക്കും. സ്മാര്‍ട്ട് അസോസിയേറ്റ്സിന്റെ നേതൃത്വത്തില്‍ ഗൗരി ശങ്കര്‍ ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വരോട് സ്വദേശി ഖാദര്‍ പദ്ധതിക്കായി സൗജന്യമായി നല്കിയ അഞ്ച് സെൻറിലാണ് 620 ചതുരശ്ര അടിയില്‍ വീട് പൂർത്തിയാക്കിയിരിക്കുന്നത്. കേള്‍വി പരിമിതര്ക്കനുയോജ്യമായ സൗകര്യങ്ങളോടെ പൂർത്തിയാക്കിയ വീട്ടിൽ വീല്‍ ചെയര്‍ കടന്നുപോകാന്‍ പാകത്തിലുള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ഡി.എ.സിയുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃക ഭവനങ്ങളാണ് പദ്ധതിയിലൂടെ നിർമിച്ചുനൽകുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്.
ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇതിനകം വീടുകൾ പൂർത്തിയാക്കി കൈമാറി കഴിഞ്ഞു.
മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിർമിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്കാന് പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

