അനങ്ങൻമലയിൽനിന്ന് വെള്ളപ്പാച്ചിൽ; പനമണ്ണ സെന്ററിലെ കടകളിൽ വെള്ളം കയറി
text_fieldsഒറ്റപ്പാലം: അനങ്ങൻമലയിൽനിന്നുള്ള വെള്ളപ്പാച്ചിലിൽ പനമണ്ണ സെന്ററിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിലെ വാഹനഗതാഗതം ദുഷ്കരമായി. ഇരുചക്ര വാഹനങ്ങളിലെ യാത്രികരാണ് കൂടുതലും വെട്ടിലായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ പെയ്ത ശക്തമായ മഴയിലാണ് പാതയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായത്. കടക്കാർക്ക് ചെറിയതോതിലുള്ള നാശനഷ്ടം നേരിട്ടതായി പ്രദേശവാസികൾ പറഞ്ഞു. ചെറിയ തോതിലുള്ള ഉരുൾപൊട്ടലാകാം പനമണ്ണ സെന്ററിലേക്ക് ഇത്തരത്തിൽ വെള്ളപ്പാച്ചിലുണ്ടാകാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. പ്രദേശത്തെ വിദ്യാലയങ്ങൾ വിട്ട് കുട്ടികൾ വീടുകളിലേക്ക് പോയ സമയമായതിനാൽ അപകടങ്ങൾ ഒഴിവായി.

