എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസിന് സ്റ്റോപ്പ്: പൂക്കൾ വർഷിച്ച് ഒറ്റപ്പാലത്തിന്റെ ഊഷ്മള സ്വീകരണം
text_fieldsഎറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് ഒറ്റപ്പാലം സ്റ്റേഷനിലെത്തിയപ്പോൾ സ്വീകരണം നൽകുന്നവർ
ഒറ്റപ്പാലം: യാത്രക്കാരുടെ നീണ്ട കാലത്തെ സ്വപ്നം സഫലമായി. സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഒറ്റപ്പാലം സ്റ്റേഷനിൽ നിർത്തിയ എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസിന് ആഘോഷപ്പൊലിമയോടെ സ്വീകരണം നൽകി. സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിച്ചായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.രാവിലെ 10.59ഓടെയാണ് ട്രെയിൻ ഒറ്റപ്പാലം സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയത്. സ്റ്റേഷനിൽ കാത്തുനിന്ന നൂറുകണക്കിന് ആളുകൾ ട്രെയിനിൽ പുഷ്പവൃഷ്ടി നടത്തി. താളമേളങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നു.
കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ട്രെയിനിലേക്ക് കയറാൻ നടത്തിയ ശ്രമത്തിൽ നേരിയ ഉന്തും തള്ളുമുണ്ടായെങ്കിലും പൊലീസ് ഇടപെട്ടതോടെ രംഗം ശാന്തമായി. ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡൻറ് പി. വേണുഗോപാൽ ഉൾപ്പടെയുള്ളവർ എൻജിൻ മുറിയിൽ കയറി ലോക്കോ പൈലറ്റിനെ ആദരിച്ചു. തൊട്ടുപിറകെ വി.കെ. ശ്രീകണ്ഠൻ എം.പി എൻജിൻ മുറിയിൽ കയറി ലോക്കോ പൈലറ്റിനും അസി. ലോക്കോ പൈലറ്റിനും ഹാരാർപ്പണം നടത്തി. മധുരവും നൽകി.
പ്രേമലേഖനം എഴുതാനല്ല റെയിൽവേ മന്ത്രി ഇരിക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ തുടർന്ന് പ്രതികരിച്ചു. 2018ൽ എം.പി ആയതിന് ശേഷം നടന്ന റെയിൽവേ ജനറൽ മാനേജരുടെ ആദ്യ മീറ്റിങ് മുതൽ 17 തവണയാണ് റെയിൽവേയുടെ ഉന്നത തല യോഗങ്ങളിൽ സംബന്ധിച്ചത്. ഒറ്റപ്പാലത്തെ സ്റ്റോപ്പ് സംബന്ധിച്ച് മാറിമാറി വന്ന മന്ത്രിമാരെ നേരിട്ട് കണ്ടും ലോക് സഭയിൽ രണ്ട് തവണയും ഇന്റർ സിറ്റി എക്സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന് നേരിട്ടും രേഖാമൂലവും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു മാസം മുമ്പ് റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ട വേളയിൽ അടുത്ത് തന്നെ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, അനുമതിയുണ്ടായ സന്ദർഭത്തിൽ ഇക്കാര്യത്തിൽ ഔചിത്യപൂർമായ നടപടി മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇക്കാര്യം സംബന്ധിച്ച് ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷനെയാണ് മന്ത്രി രേഖാമൂലം അറിയിച്ചത്. നിരന്തരം ആവശ്യപ്പെട്ട ആളെയല്ല വിവരം അറിയിച്ചത്.
അതേസമയം വോട്ടുചോരിയിലൂടെ ജയിച്ചയാളാണ് ശ്രീകണ്ഠനെന്നും നാണമില്ലാതെ അവകാശവാദവുമായി നടക്കുകയാണെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചതെന്നും ബി.ജെ.പി ജില്ല വെസ്റ്റ് പ്രസിഡന്റ് പി. വേണുഗോപാലൻ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

