ഒറ്റപ്പാലത്ത് വയോദമ്പതികളെ വെട്ടിക്കൊന്നു; വളർത്തുമകളുടെ ഭർത്താവ് അറസ്റ്റിൽ
text_fieldsപ്രതി മുഹമ്മദ് റാഫി
ഒറ്റപ്പാലം: തോട്ടക്കരയിൽ വയോദമ്പതികൾ വെട്ടേറ്റു മരിച്ചു. ഇവരുടെ വളർത്തുമകളുടെ നാലു വയസ്സുകാരനായ മകന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. സംഭവത്തിൽ വളർത്തുമകളുടെ ഭർത്താവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
തോട്ടക്കര നാലകത്ത് വീട്ടിൽ നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് വെട്ടേറ്റു മരിച്ചത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ മകനാണ് ഗുരുതരമായി പരിക്കേറ്റത്. സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക വാർത്തയുമായാണ് തിങ്കളാഴ്ച പുലർന്നത്. ഞായറാഴ്ച രാത്രി 12ഓടെയാണ് തോട്ടക്കരയിലെ വീട്ടിൽ കയറി പ്രതി ആക്രമണം നടത്തിയത്. സംഭവസമയത്ത് ദമ്പതികളും വളർത്തുമകളും നാലു വയസ്സുകാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടിയുമായി സുൽഫിയത്ത് പ്രാണരക്ഷാർഥം വീട്ടിൽനിന്ന് പുറത്തേക്ക് ഓടുന്നത് കണ്ട നാട്ടുകാരിൽ ചിലർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് നസീറിനെയും സുഹറയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
പൊലീസ് സ്ഥലത്തെത്തിയ സമയത്ത് മുഹമ്മദ് റാഫിയെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. പൊലീസിന്റെ സാമീപ്യം തിരിച്ചറിഞ്ഞതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തിരച്ചിൽ നടത്തിയാണ് പുലർച്ച നാലോടെ സമീപത്തെ ഖബർസ്ഥാൻ സ്ഥിതിചെയ്യുന്ന പള്ളിക്കാട്ടിൽനിന്ന് ഇയാളെ പിടികൂടിയത്.
ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്. പ്രതിയെ പൊലീസ് ചോദ്യംചെയ്യുകയാണ്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ലഹരി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടതെന്നും നേരത്തേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ സ്ഥിരീകരണത്തിന് രക്തസാമ്പ്ൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

