എങ്ങുമെത്താതെ ഇതര സംസ്ഥാന തൊഴിലാളി വിവരശേഖരണം
text_fieldsപുതുനഗരം: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം എങ്ങുമെത്തിയില്ല. അനാസ്ഥ തുടർന്ന് വകുപ്പുകൾ. തമിഴ്നാട്, ബീഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അഥിതി തൊഴിലാളികൾ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് മാത്രം ആറായിരത്തിലധികമുണ്ട്. ജില്ലയിൽ ഇതിന്റെ ആറിരട്ടി വരുമെന്നാണ് അനൗദ്യോഗിക കണക്ക്. നിലവിൽ ഇഷ്ടികക്കളങ്ങളിലാണ് കൂടുതൽ അഥിതി തൊഴിലാളികൾ. കടുത്തചൂടിലും ഇവർ വിശ്രമിക്കാതെ തൊഴിലെടുക്കുന്ന കാഴ്ച് ദയനീയമാണ്. എത്ര അഥിതി തൊഴിലാളികൾ ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ ഉണ്ടെന്ന് ചോദിച്ചാൽ തൊഴിൽ വകുപ്പിന്റെ പക്കലും കൃത്യമായ കണക്കില്ല. കോവിഡ് സമയത്ത് 18,500 തൊഴിലാളികളെയാണ് തൊഴിൽ വകുപ്പ് സ്വന്തം നാട്ടിലേക്ക് ജില്ലയിൽനിന്നും കയറ്റിവിട്ടത്. കോവിഡ് കഴിഞ്ഞതുമുതൽ നൂറിലധികം അഥിതി തൊഴിലാളികളാണ് തിരിച്ചുവന്നത്.
ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ പൊലീസ്, തൊഴിൽ വകുപ്പുകൾ ശേഖരിക്കണമെന്ന് പലതവണ നിർദേശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നാട്ടിൽ എത്തിയാൽ ജില്ല തൊഴിൽ വകുപ്പിനോ ലോക്കൽ പൊലീസ് സ്റ്റേഷനിലോ വിശദമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും കരാറുകാരും തൊഴിലുടമകളും നൽകണമെന്ന നിയമം ഉണ്ടെങ്കിലും ഇത് പാലിക്കാത്തവർക്കെതിരെ നടപടിയും കടലാസിലാണ്. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ അപകടങ്ങളിൽ മാരക പരുക്കുകളോ മരണങ്ങളോ സംഭവിച്ചാൽ എത്രയുംവേഗം നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പ്രവണതയും ഉണ്ട്. അപകടങ്ങളിൽ മരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയോ നഷ്ട പരിഹാര തുകയോ നൽകാതെ മൃതദേഹം നാട്ടിലെത്തിക്കാൻ സ്വകാര്യ ഏജൻസികൾ തയാറാകുമ്പോൾ തൊഴിൽ വകുപ്പും പൊലീസും മൗനം പാലിക്കുന്നത് ജില്ലയിൽ ചില പ്രദേശങ്ങളിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

