ഓപറേഷന് മണ്‍സൂണ്‍ സ്ക്വാഡ്; 94 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsപാലക്കാട്: മഴക്കാലത്ത് ഭക്ഷ്യ-ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 94 സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷ വകുപ്പ്. ‘ഓപറേഷന് മണ്‍സൂണ്‍ സ്ക്വാഡി’ന്റെ ഭാഗമായി പ്രത്യേക സ്ക്വാഡുകള്‍ വഴി ഒരു മാസത്തിനുള്ളിൽ ജില്ലയിലെ 676 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതിൽനിന്നാണ് 94 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. നിയമലംഘനങ്ങളും ന്യൂനതകളും കണ്ടെത്താനുള്ള പരിശോധനകൾ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു. ഷിഗല്ലെ ബാക്ടീരിയകളുടെ വ്യാപനം തടയുന്നതിന് ഭക്ഷ്യസംരംഭങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ജില്ലയിലുടനീളം വിപുലമായ പരിശോധനകളും സാമ്പിള്‍ ശേഖരണവും നടത്തും.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പാചകശാലകള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, മറ്റു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണ നിര്‍മാണ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവ പ്രത്യേകമായി പരിശോധിക്കും. ഹാര്‍ബറുകള്‍, മൽസ്യോൽപന്നങ്ങളുടെ മൊത്ത-ചില്ലറ വിൽപനശാലകള് എന്നിവിടങ്ങളില്‍ പരിശോധന നടത്തി മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. മത്സ്യം സൂക്ഷിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിളുകളും പരിശോധനക്ക് അയക്കും. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ നിര്‍മാണ യൂനിറ്റുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയക്കും.
ലബോറട്ടറി പരിശോധനയില്‍ ഷിഗല്ലെ ഉള്‍പ്പെടെയുള്ള രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ സ്ഥാപനങ്ങൾക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍, മറ്റ് പ്രധാന ഭക്ഷണശാലകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ഓരോ സര്‍ക്കിള്‍ പരിധിയിലും പ്രത്യേക സായാഹ്ന-രാത്രി സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന ശക്തമാക്കിയതായും ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ https://www.eatright.foodsafety.kerala.gov.in ഗ്രീവന്‍സ് പോര്‍ട്ടല്‍ വഴിയോ അറിയിക്കാമെന്നും അസി. കമീഷണര്‍ അറിയിച്ചു.
- സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍
- ഭക്ഷണം പാകം ചെയ്യാനും ഐസ് നിര്‍മാണത്തിനും ഉപഭോക്താക്കള്‍ക്ക് നല്‍കാനും സുരക്ഷിതമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. വെള്ളത്തിന്റെ ഗുണനിലവാരം എന്‍.എ.ബി.എല്‍ അംഗീകൃത ലബോറട്ടറിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സ്ഥാപനത്തില്‍ സൂക്ഷിക്കണം.
- ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കുകയും അംഗീകൃത മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കുകയും വേണം. ഭക്ഷണം തയാറാക്കുന്ന പാത്രങ്ങളും സംഭരണ സൗകര്യങ്ങളും അണുവിമുക്തമാക്കണം. തയാറാക്കിയ ഭക്ഷണം അനുയോജ്യമായ താപനിലയില്‍ മൂടിവെച്ച് സൂക്ഷിക്കുകയും മാലിന്യം കൃത്യമായി സംസ്കരിക്കണം. ഈച്ച, കൊതുക്, എലി, പാറ്റ തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ അംഗീകൃത ഏജന്‍സികള്‍ വഴി ഫലപ്രദമായ കീടനിയന്ത്രണ സംവിധാനം നടപ്പാക്കണം. പെട്ടെന്ന് കേടാകുന്ന മാംസം, മത്സ്യം, പാല് ഉൽപന്നങ്ങള് എന്നിവ റഫ്രിജറേറ്ററുകളില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും ഡീപ് ഫ്രീസറുകളില്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും താപനിലയില്‍ സൂക്ഷിക്കണം.
- പാകം ചെയ്യാത്തതും നേരിട്ട് കഴിക്കാവുന്നതുമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് 50 പി.പി.എം ക്ലോറിനേറ്റഡ് വെള്ളത്തില്‍ അണുനശീകരണം നടത്തണം. അസംസ്കൃത മത്സ്യം, മാംസം, കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
- മാലിന്യങ്ങള്‍ വഴിയുള്ള പരസ്പര മലിനീകരണം (ക്രോസ് കണ്ടാമിനേഷന്) ഒഴിവാക്കാനായി അസംസ്കൃത ഭക്ഷ്യവസ്തുക്കളും പാകം ചെയ്ത ഭക്ഷണങ്ങളും വെവ്വേറെ സൂക്ഷിക്കുകയും അവക്കുള്ള കത്തി, കട്ടിങ് ബോര്‍ഡ്, പാത്രങ്ങള്‍ എന്നിവ വേര്‍തിരിച്ച് ഉപയോഗിക്കുകയും വേണം.
- കാലാവധി കഴിഞ്ഞതും പൂപ്പല്‍ ബാധിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുകയോ വില്ക്കുകയോ ചെയ്യരുത്. ഭക്ഷ്യവസ്തുക്കള്‍ നിലത്ത് നേരിട്ട് വെക്കാതെ ഷെല്‍ഫുകളിലോ പാലറ്റുകളിലോ ഈര്‍പ്പവും മഴവെള്ളവും തട്ടാത്ത രീതിയില്‍ സൂക്ഷിക്കണം. മഴക്കാലത്ത് ബാക്ടീരിയകളുടെ വളര്‍ച്ച വേഗത്തിലാകുന്നതിനാല്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വെക്കരുത്. ഉടന്‍ ഉപയോഗിക്കാത്തവ സുരക്ഷിതമായ ചൂടിലോ ശീതീകരണ സംവിധാനത്തിലോ സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

