പാലക്കാട്: ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐയുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം നിലവില്‍വന്നു. http://foscos.fssai.gov.in ലൂടെ നേരിട്ടോ കോമണ്‍ സര്‍വിസ് സെൻററുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴിയോ ഭക്ഷ്യസംരംഭകര്‍ക്കും വിതരണ വിൽപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലൈസന്‍സ്/രജിസ്ട്രേഷന്‍ നേടാവുന്നതാണെന്ന് പാലക്കാട് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു.
പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കും പ്രതിദിന ഉൽപാദനക്ഷമത 100 കിലോഗ്രാമില്‍ താഴെ മാത്രമുള്ള ഭക്ഷ്യ ഉല്‍പാദകര്‍ക്കും രജിസ്ട്രേഷന്‍ എടുത്താല്‍ മതി. ഒരു വര്‍ഷത്തേക്കാണ് 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. തട്ടുകടകള്‍, വഴിയോര കച്ചവടക്കാര്‍ വീടുകളില്‍നിന്ന് ഭക്ഷ്യ ഉൽപന്നങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തുന്നവര്‍ എന്നിവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ എടുക്കണം. റസ്റ്റാറൻറുകള്‍, ഹോട്ടലുകള്‍, പലചരക്കുകടകള്‍, വില്‍പന മാത്രം നടത്തുന്ന ബേക്കറികള്‍ കാറ്ററിങ് സ്ഥാപനങ്ങള്‍, മറ്റ് ഭക്ഷ്യവിതരണ വില്‍പന സ്ഥാപനങ്ങള്‍ എന്നിവക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സിന് ഒരുവര്‍ഷത്തേക്ക് 2000 രൂപയാണ് ഫീസ്. ഭക്ഷ്യനിര്‍മാണ യൂനിറ്റുകള്‍ക്ക് ഉൽപാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ 3000 മുതല്‍ 5000 വരെയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ത്രീസ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്ക് 5000 രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിക്ക് എടുക്കാം.