കക്കൂസ് മാലിന്യ പ്ലാന്റിന്റെ ഡി.പി.ആർ കത്തിച്ച ശേഷം സത്യപ്രതിജ്ഞ
text_fieldsനഗരസഭക്ക് മുന്നിൽ സുമേഷ് അച്ചുതന്റെ നേതൃത്വത്തിൽ കക്കൂസ് മാലിന്യ പ്ലാന്റിന്റെ ഡി.പി.ആർ കത്തിക്കുന്നു
ചിറ്റൂർ: നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഭരണത്തിലെത്തിയാൽ എൽ.ഡി.എഫ് ഭരണസമിതി നിർമിക്കാൻ തീരുമാനിച്ച പുഴയോരത്തെ കക്കൂസ് മാലിന്യ പ്ലാന്റ് നിർത്തലാക്കുമെന്നത്. രാവിലെ കൗൺസിൽ ഹാളിൽ നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞക്കായി നഗരസഭ കോമ്പൗണ്ടിലുള്ള പി. ലീല ഓപൺ ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനു മുന്നേ നഗരസഭക്ക് മുന്നിൽ വച്ച് സുമേഷിന്റെയും കൗൺസിൽ മാരുടെയും നേതൃത്വത്തിൽ കക്കൂസ് മാലിന്യ പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കത്തിച്ചു.
ഒരു വർഷം മുമ്പാണ് അമ്പാട്ടുപാളയം പുഴ പാലത്തിന് സമീപത്തുള്ള കുടിവെള്ള പ്ലാന്റിനടുത്ത് കക്കൂസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനെതിരെ പ്രാദേശികമായ എതിർപ്പ് ഉയർന്നപ്പോൾ പ്ലാന്റ് സ്ഥാപിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ചെയർപേഴ്സൻ പിന്നീട് തത്തമംഗലത്ത് ഉത്സവം നടക്കുമ്പോൾ ഉദ്യോഗസ്ഥരുമായി മണ്ണ് പരിശോധനക്കെത്തിയത് ഏറെ തർക്കത്തിന് ഇടയാക്കിയിരുന്നു.
സി.പി.എമ്മിലെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ചെയർപേഴ്സന്റെ നിലപാടിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്വന്തം പാർട്ടിയിലെ പ്രവർത്തകർക്കെതിരെ ചെയർപേഴ്സൻ രൂക്ഷമായി സംസാരിക്കുന്നത് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കക്കൂസ് മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കുക എന്നത് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു. ഇത് നടപ്പാക്കും എന്നാണ് ചെയർമാൻ സുമേഷ് അച്യുതൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഉറപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

