നമ്പർ വൺ അല്ല, നമ്പർ 1 വില്ലേജ് ഓഫിസ്
text_fieldsപെരിങ്ങോട്ടുകുറുശ്ശി: ഇടുങ്ങിയ മുറിയിൽ പൊതുജനത്തിന് ഇരിക്കാൻ പോയിട്ട് നേരെ ചൊവ്വേ നിൽക്കാൻ പോലും സ്ഥലസൗകര്യമില്ലാതെ ഒരു വില്ലേജ് ഓഫിസ്. പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി നമ്പർ -1 വില്ലേജ് ഓഫിസിന്റെ പേരിൽ മാത്രമാണ് നമ്പർ വൺ. ഓഫിസ് ജീവനക്കാർക്കും പലവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കും ദാഹിച്ചാൽ തൊണ്ട നനക്കാൻ ഇവിടെ വഴിയില്ല. കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചിട്ട് മാസങ്ങളായി. വാട്ടർ അതോറിറ്റിക്ക് 7000 രൂപ ബില്ല് കുടിശ്ശികയായതോടെ മാസങ്ങൾക്കുമുമ്പാണ് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത്. മുമ്പ് ഇത്തരം കുടിശ്ശിക തീർത്തത് ജീവനക്കാരുടെ കൈയിൽ നിന്നും എടുത്താണെന്നും എത്ര കാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നും ജീവനക്കാർ ചോദിക്കുന്നു.
1986ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം നിലനിൽക്കുന്നത് മൂന്നുസെൻറ് സ്ഥലത്താണ്. ആകെ രണ്ട് മുറികളാണ് പ്രവർത്തനയോഗ്യമായത്. ഇതിൽ ഒന്ന് വില്ലേജ് ഓഫിസറുടെ മുറിയാണ്. ശേഷിക്കുന്ന മുറിയിലാണ് മറ്റു നാലു ജീവനക്കാരുടെ ഇരിപ്പിടവും രേഖകളും പ്രമാണങ്ങളും സൂക്ഷിക്കുന്നതും.
നിലവിലെ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ മുകളിൽ പുതിയ കെട്ടിടം പണിയുകയോ, മറ്റൊരു കെട്ടിടം നിർമിക്കുകയോ ചെയ്താലേ സ്ഥലപരിമിതിക്ക് പരിഹാരമാകൂ. പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പണിയാൻ ഫണ്ടനുവദിക്കേണ്ടത് റവന്യു വകുപ്പാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഫണ്ടനുവദിക്കുന്നതിന് കാലതാമസം നേരിടുമെന്നുറപ്പാണ്. കുടിവെള്ള ശുദ്ധീകരണ ഉപകരണം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശുദ്ധീകരിക്കാൻ വെള്ളമെവിടെ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

