കൃഷിയിടങ്ങളിലേക്ക് വഴിയില്ല; കർഷകർ ദുരിതത്തിൽ
text_fieldsമങ്കര: കൃഷിയിടങ്ങളിലേക്ക് റോഡില്ലാതെ നൂറ്റാണ്ടിലേറെയായി കർഷകർ ദുരിതത്തിൽ. മങ്കര കാളികാവ് ക്ഷേത്രം വഴിയിൽ നൂറോളം കർഷകരുടെ കൃഷിയുണ്ട്. 300 ഏക്കർ നെൽകൃഷി ഇവിടെ ചെയ്യുന്നുണ്ട്. കാളികാവ് ക്ഷേത്രം വഴി ഒരാൾക്ക് മാത്രം കടന്നുപോകാവുന്ന പാതയാണ് എത്തിപ്പെടാനുള്ള ഏക മാർഗം. ഈ വഴി മലമ്പുഴ കനാൽ കടന്നുപോകുന്നുണ്ട്.
കനാൽ വഴിയുള്ള നടവഴി കാടുമൂടി കിടക്കുകയാണ്. കൃഷിക്കായി യന്ത്രങ്ങൾ കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. തല ചുമടായിട്ടാണ് സാധനങ്ങൾ എത്തിക്കാറ്. നെല്ല് കിലോമീറ്റർ തലയിലേറ്റി വേണം എത്തിക്കാൻ. കർഷകരുടെ ഫാം അടക്കം തെങ്ങ്, കവുങ്ങ്, കൃഷി ചെയ്യുന്നവരും ഇവിടെയുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതികുടീരവും ഇതിന് സമീപത്താണ്. പാടം താണ്ടി വേണം സ്മൃതി മണ്ഡപത്തിലെത്താൻ.
കനാൽ പാത നവീകരിച്ചാൽ കർഷകർക്ക് ഉപകാരമാകും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. എം.എൽ.എ, മങ്കര പഞ്ചായത്ത് എന്നിവർക്ക് നിവേദനം നൽകി ഒരു വർഷമായിട്ടും നടപടിയില്ലെന്ന് കർഷകരായ കെ.കെ. സ്വരൂപ്, അഭിലാഷ്, രഘു, രാമകൃഷ്ണൻ, തുളശി, വി.ആർ. രമേശ്, രാമകൃഷ്ണൻ, സജിത്, പ്രമോദ് എന്നിവർ പറഞ്ഞു.