നിപ; സമ്പർക്ക പട്ടികയിലെ മൂന്നുപേർ ഐസൊലേഷനിൽ
text_fieldsപാലക്കാട്: ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചതെന്നും അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലെ സാധ്യത ലിസ്റ്റിലുള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നുവെന്നും കലക്ടർ അറിയിച്ചു.
രോഗബാധിതയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിലാണ്. സമ്പർക്കത്തിലുള്ള മൂന്നുപേരിൽ ഒരാളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആണ്. മറ്റു രണ്ടുപേരുടെ പരിശോധന ഫലം ഉടൻ വരും.
ഇവർ പാലക്കാട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. മൂന്നുദിവസം കഴിഞ്ഞ് വീണ്ടും നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയാൽ ഇൻസ്റ്റിറ്റ്യൂഷനൽ മെഡിക്കൽ ബോർഡും സ്റ്റേറ്റ് മെഡിക്കൽ ബോർഡും ചേർന്ന ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 173 പേരെയാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവരും ഹോം ക്വാറന്റയിനിലാണ്.
ആറു വാർഡുകളിലായി 2185 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി വിവരം ശേഖരിച്ചു. ജില്ല മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് സേവനം നൽകി. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായി. രോഗത്തിന്റെ ഉറവിടം അറിയാനായി മൃഗക്ഷേവ വകുപ്പ് വവ്വാലിന്റെ സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ചു.
പടക്കം പൊട്ടിച്ചോ മറ്റോ വവ്വാലുകളെ നീക്കം ചെയ്യാൻ ശ്രമിച്ചാൽ പരിഭ്രാന്തരായി കൂടുതൽ സ്രവങ്ങൾ പുറന്തള്ളാൻ സാധ്യതയുള്ളതിനാൽ അതിന് ശ്രമിക്കരുതെന്നും വനം-മൃഗസംരക്ഷണ വകുപ്പുകളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
തച്ചനാട്ടുകര പഞ്ചായത്തിലെ വാർഡ് - 7 (കുണ്ടൂർക്കുന്ന്), വാർഡ്-8 (പാലോട്), വാർഡ്-9 (പാറമ്മൽ), വാർഡ് - 11 (ചാമപറമ്പ്), കരിമ്പുഴ പഞ്ചായത്തിലെ വാർഡ് - 17 (ആറ്റശ്ശേരി), വാർഡ്-18 (ചോളക്കുറിശ്ശി) എന്നിവിടങ്ങളാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ അനാവശ്യമായി കൂട്ടം കൂടരുത്. എൻ 95 മാസ്ക് നിർബന്ധമായും ധരിക്കണം.
കണ്ടെയ്ൻമെന്റ് സോണിൽനിന്നും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം. ഐസൊലേഷൻ /ക്വാറന്റയിനിൽ കഴിയുന്നവർ നിർബന്ധമായും എൻ 95 മാസ്ക് ധരിക്കണം. കൃത്യമായും ക്വാറന്റയിൻ മാനദണ്ഡങ്ങൾ പാലിക്കണം. ശുചിമുറിയുള്ള റൂമിൽ തന്നെ ക്വാറന്റയിനിൽ ഇരിക്കുക.
ആരുമായും സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്ക് എപ്പോഴും ധരിക്കണം. കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം. പനി, ചുമ, തലവേദന, ശ്വാസതടസം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തിരം അറിയിക്കുകയോ കൺട്രോൾ റൂം നമ്പറിലേക്ക് 0491- 2504002 വിളിക്കുകയോ ചെയ്യണം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു
- തച്ചനാട്ടുകര: ജില്ലയിൽ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിൽ നിപ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
- മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ.
- സാധാരണ ഗതിയിൽ നിപ വൈറസ് വവ്വാലുകളിൽനിന്നും പന്നികളിലേക്കും പന്നികളിൽനിന്നും മനുഷ്യരിലേക്ക് പടരുകയുമാണ് ചെയ്യുന്നത്. പന്നികളിൽ കടുത്ത ചുമ ഒരു പ്രധാന രോഗലക്ഷണമാണ്.
- പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നു. പന്നികളിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കാണുന്ന പക്ഷം കർഷകർ എത്രയും പെട്ടെന്ന് അടുത്ത മൃഗാശുപത്രിയിൽ വിവരം അറിയിക്കണം.
- പന്നികളിലും മറ്റു മൃഗങ്ങളിലും അസ്വാഭാവിക മരണങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കുക.
- ഫാമുകളിൽ കുമ്മായം, അലക്കുകാരം, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ ഉപയോഗിച്ച് കൃത്യമായ അണുനശീകരണവും നടത്തുക.
- പന്നി ഫാമുകളിൽ മരണപ്പെടുന്ന മൃഗങ്ങളുടെ ശവശരീരങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക.
- ഫാമുകളുടെ പരിസരങ്ങളിൽ വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുകയോ, ഫല വൃക്ഷങ്ങളിൽ വവ്വാലുകൾ പ്രവേശിക്കാതെയിരിക്കാൻ നെറ്റ് ഉപയോഗിച്ച് മൂടുകയോ ചെയ്യുക.
- രോഗസാന്നിധ്യമുള്ള പ്രദേശങ്ങളിൽ വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ ചുവട്ടിലും സമീപത്തും മൃഗങ്ങളെ കെട്ടിയിടാതിരിക്കുവാൻ ശ്രദ്ധിക്കുക. അത്തരം മരങ്ങളിൽ നിന്നുള്ള പഴങ്ങൾ വളർത്തു മൃഗങ്ങൾക്കു നൽകാതിരിക്കുക.
- മൃഗങ്ങളെ കൈകാര്യം ചെയ്തതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം.
- വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

