നിപ പ്രതിരോധ പ്രവർത്തനം ഊർജിതം;110 പേർ നിരീക്ഷണത്തിൽ
text_fieldsനിപ ബാധിത പ്രദേശത്തെ വളർത്തു മൃഗങ്ങളിൽനിന്ന് ആരോഗ്യ പ്രവർത്തകർ
സ്രവ സാമ്പിളുകൾ ശേഖരിക്കുന്നു
പാലക്കാട് : ജില്ലയിൽ തച്ചനാട്ടുകരയിലെ 38 വയസ്സുള്ള വ്യക്തിക്ക് നിപ സ്ഥീരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു. 110 പേർ നിരീക്ഷണത്തിലാണ്. പാലക്കാട് സമ്പർക്കപട്ടികയിലുള്ളവരെ അവിടെ തന്നെ ഐസോലേറ്റ് ചെയ്യും.
സാമ്പിളുകൾ മാത്രം പരിശോധനക്ക് അയ്ക്കും. മരുന്നുകൾ, പി.പി.ഇ കിറ്റ് മറ്റ് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്. 40 ബെഡുകൾ ഉൾപ്പെടുന്ന ഐസോലേഷൻ യൂനിറ്റ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് പാലക്കാടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ, നഴ്സിങ് ഓഫിസർമാർ , ആരോഗ്യ പ്രവർത്തകർക്ക് നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട പരീശീലനങ്ങൾ നൽകിയിട്ടുണ്ട്.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാർ ജില്ലയിലെ പ്രധാന സ്പെഷലിസ്റ്റ് ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പിലെ മേധാവികൾ ഉൾപ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ചിട്ടുണ്ട്.
പ്രദേശത്തെ ജനങ്ങൾ സാമൂഹിക അകലം പാലിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ പ്രത്യേക നിയന്ത്രണങ്ങൾ ലംഘിക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർ അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്ക് ധരിക്കണം. പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിൽ പനി, മറ്റ് ശ്വാസതടസ്സം , മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തണം.
സംശയങ്ങൾ സാധൂകരിക്കാനായി കൺട്രോൾ റൂം നമ്പറിലേക്ക് - 0491 2504002 വിളിക്കാം. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതും അവയെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുന്നതും ഒഴിവാക്കണം. നിപ പ്രതിരോധത്തിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, മറ്റ് കൊതുകു ജന്യ രോഗങ്ങൾക്കെതിരെ യുള്ള ജാഗ്രത തുടരേണ്ടതാണെന്നും ജില്ല കലക്ടർ പ്രിയങ്ക ജി അറിയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

