ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം തുറന്നില്ല; രോഗികൾ വെയിലത്ത്
text_fieldsആലത്തൂർ താലൂക്കാശുപത്രിയിൽ അടച്ചിട്ട പുതിയ കെട്ടിട സമുച്ചയം
ആലത്തൂർ: ആലത്തൂർ താലൂക്കാശുപത്രിയിൽ പുതിയ കെട്ടിടം നിർമിച്ചത് അടച്ചിട്ട് രോഗികളെ ഒ.പി ടിക്കറ്റിനും മരുന്നിനും പുറത്ത് വെയിലത്ത് നിർത്തുന്നു. ഉദ്ഘാടനം ചെയ്തിട്ടില്ല എന്നതാണ് കാരണമായി പറയുന്നത്. കിഫ്ബി ഫണ്ടിൽ നിർമിച്ചതാണ് പുതിയ കെട്ടിടം. സെപ്റ്റംബർ എട്ടിന് മുഖ്യമന്തി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു.
11,92,02,383 രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക.16,943 ചതുരശ്ര അടിയാണ് വിസ്തീർണം. 2023 ജൂലൈ ഏഴിനാണ് നിർമാണം തുടങ്ങിയത്. 2024 ഒക്ടോബർ 24ന് പൂർത്തികരിക്കേണ്ടതായിരുന്നു. 10 മാസം വൈകിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം നടത്തിയത്.
അതുവരെ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയാണ് പുതിയത് നിർമിച്ചത്. പരിമിതമായ സൗകര്യത്തിലാണ് നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗം, ഒ.പി എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടത്. സ്ഥലസൗകര്യമില്ലാതെ വീർപ്പ് മുട്ടിയിരുന്ന ആശുപത്രിക്ക് പുതിയ കെട്ടിടം ഏറെ ആശ്വാസമാണ്. പുതിയ കെട്ടിടം നിർമിച്ച ശേഷം അത് പൂട്ടിയിട്ടതാണ് ഇപ്പോൾ വിനയായത്.
1905ൽ ബ്രിട്ടനിലെ എഡ്വേർഡ് ഏഴാമന്റെ ഭരണകാലത്ത് കോറണേഷൻ ഡിസ്പെൻസറിയായി ആരംഭിച്ചതാണ് ആലത്തൂർ താലൂക്ക് ആശുപത്രി. രണ്ടേക്കർ വരുന്ന ആശുപത്രി വളപ്പിൽ ദീർഘവീക്ഷണമില്ലാതെ ചെറിയ കെട്ടിടങ്ങൾ മുൻകാലങ്ങളിൽ കെട്ടി നിറച്ചതോടെയാണ് പുതിയ കെട്ടിടം നിർമിക്കാൻ പഴയവ പൊളിക്കേണ്ടി വന്നത്. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ ശ്രമഫലമായാണ് ഇപ്പോഴത്തെ കെട്ടിട സമുച്ചയം വന്നത്. എന്നാൽ, എന്ത് കൊണ്ട് തുറന്ന് കൊടുക്കാൻ വൈകുന്നു എന്നതിന് ഉത്തരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

