നെറ്റ് സീറോ കാര്‍ബണ്‍ കേരളം; പാലക്കാട് മൂന്ന് സ്ഥാപനങ്ങള്‍ കാര്‍ബണ്‍ നെഗറ്റീവ് പദവിയിലേക്ക്
text_fieldsപാലക്കാട്: ആഗോളതാപനത്തെ ചെറുക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' എന്ന കാമ്പയിനില്‍ ജില്ലക്ക് അഭിമാന നേട്ടം.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മൂന്ന് പൊതുസ്ഥാപനങ്ങള്‍ കാര്‍ബണ്‍ നെഗറ്റീവ് പദവി കൈവരിച്ചു. പല്ലശ്ശന പഞ്ചായത്തിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പന്തപുള്ളി, വെറ്ററിനറി സബ് സെന്റര്‍, വില്ലേജ് ഓഫിസ് എന്നിവയാണ് പ്രാഥമിക പരിശോധനയില്‍ ഈ നേട്ടം സ്വന്തമാക്കിയത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഓഡിറ്റ്.
കിഴക്കഞ്ചേരി, പല്ലശ്ശന, പൊല്‍പുള്ളി, കേരളശ്ശേരി, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, അകത്തേതറ പഞ്ചായത്തുകളിലും ഒറ്റപ്പാലം നഗരസഭയിലുമാണ് ആദ്യഘട്ടത്തില്‍ കാര്‍ബണ്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയത്. ഈ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള 147ഓളം ഓഫിസുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. വായുമലിനീകരണം കുറക്കുക, ഹരിതാഭ നിലനിര്‍ത്തുക, ഊർജ ഉപഭോഗം നിയന്ത്രിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തല്‍.
നിലവില്‍ കാര്‍ബണ്‍ നെഗറ്റീവ് പദവിയിലെത്തിയ സ്ഥാപനങ്ങളെ മാതൃകയാക്കി ജില്ലയിലെ മറ്റ് ഓഫിസുകളെയും സമാനമായ നേട്ടത്തിലേക്ക് എത്തിക്കാനുള്ള ഊർജിത ശ്രമങ്ങള്‍ ഹരിത കേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലയെ വരും വര്‍ഷങ്ങളില്‍ കാര്‍ബണ്‍ വിമുക്തമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

