നെന്മാറ-വല്ലങ്ങി വേല ഇന്ന്; വല്ലങ്ങിപ്പാടത്ത് ആവേശമൊഴുകും
text_fieldsനെന്മാറ, വല്ലങ്ങി ദേശങ്ങളുടെ ആനച്ചമയ പ്രദർശനം
നെന്മാറ: വേലകളുടെ വേലയെന്ന് പുകഴ്ത്തപ്പെടുന്ന നെന്മാറ-വല്ലങ്ങി വേല വെള്ളിയാഴ്ച ആഘോഷിക്കും. കരിയും കരിമരുന്നും വർണങ്ങളും വാദ്യമേളങ്ങളും സമന്വയിക്കുന്ന വേലയെ വരവേൽക്കാനായി കൂറയിടൽ മുതൽ ദിവസങ്ങൾ നീളുന്ന ദേശങ്ങളുടെ ഒരുക്കങ്ങളുടെ പരിസമാപ്തിയാണ് വേലദിനം.
പുലർവെട്ടം തെളിയുമ്പോൾ മുതൽ തന്നെ ആബാലവൃദ്ധം ജനങ്ങൾ തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത് എല്ലാ വർഷത്തെയും പതിവാണ്. മധ്യാഹ്നത്തോടെ വല്ലങ്ങിപ്പാടത്തേക്കൊഴുകുന്ന പുരുഷാരത്തിന്റെ ആരവത്തിൽനിന്ന് തന്നെ വേല കാണാനായി ദൂരസ്ഥലങ്ങളിൽ നിന്നുമെത്തുന്ന ആയിരക്കണക്കിന് സന്ദർശകരുടെ ആവേശം മനസ്സിലാക്കാം.
മീനച്ചൂടിനെ വകവെക്കാതെയുള്ള വയലുകളിലെ ജനത്തിരക്ക് ഒഴിയുന്നത് പകൽ വേലക്കും രാത്രി വേലക്കും ശേഷം മാത്രം. ഗംഭീരമായ വെടിക്കെട്ടും കർണാനന്ദകരമായ വാദ്യമേളങ്ങളും കണ്ണുചിമ്മാതെ കാണാനാവുന്ന വർണക്കാഴ്ചകളും ഒരുമിക്കുന്ന വേല പൂരപ്രേമികളുടെ സ്വപ്നമാണ്.
വേലദിന ചടങ്ങുകൾ ഇങ്ങനെ
നെമ്മാറ: വേലദിനത്തിൽ രാവിലെ നെന്മാറ ദേശത്ത് ക്ഷേത്ര പൂജകൾക്ക് ശേഷം വരിയോല വായിച്ച് നിറപറ എഴുന്നള്ളത്ത് തുടങ്ങും. വിവിധ സമുദായക്കാർ നൽകുന്ന ക്ഷേത്ര പറകൾ സ്വീകരിച്ച ശേഷം മന്ദത്ത് എത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റും. എഴുന്നള്ളത്ത് ദേശത്തെ വിവിധ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകുന്നേരം ക്ഷേത്രത്തിനടുത്ത് അണിനിരക്കും.
വല്ലങ്ങി ദേശത്ത് വേലദിനത്തിൽ പ്രഭാത പൂജകൾക്ക് ശേഷം വല്ലങ്ങി ശിവക്ഷേത്രത്തിൽനിന്ന് പഞ്ചവാദ്യവുമായി എഴുന്നള്ളത്ത് തുടങ്ങും. വൈകീട്ട് നാലോടെ ബൈപാസ് റോഡിനടുത്ത് അണിനിരക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നള്ളത്ത് വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രമുറ്റത്ത് കയറും. പിന്നീട് നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്തും കാവുകയറും. ഇതോടെ മേളപ്പെരുക്കമായി. ഇരു ദേശത്തിന്റെയും കാവുകയറ്റത്തിന് ശേഷമാണ് ആകർഷകമായ കുടമാറ്റം.തുടർന്നാണ് ആവേശമുണർത്തുന്ന പകൽ വെടിക്കെട്ട്. ആദ്യം വല്ലങ്ങിയും പിന്നീട് നെന്മാറയും വെടിക്കെട്ടിന് തിരികൊളുത്തും. ശേഷം എഴുന്നള്ളത്തുകൾ അതത് ദേശമന്ദങ്ങളിലേക്ക് തിരിക്കും. ഇതോടെ പകൽ വേലക്ക് സമാപ്തിയാവും. പിന്നീട് തായമ്പകയോടെ രാത്രി വേല തുടങ്ങുകയായി. പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നാരംഭിക്കും. തുടർന്ന് ക്ഷേത്രസമീപത്ത് എഴുന്നള്ളത്ത് അണിനിരക്കുന്നതോടെ രാത്രി വെടിക്കെട്ട്. ആദ്യം നെന്മാറയും പിന്നീട് വല്ലങ്ങിയും വാനിൽ വർണങ്ങൾ ചാർത്തുന്ന കരിമരുന്ന് വിദ്യയിൽ മൽസരിക്കും. പാണ്ടിമേളത്തോടെ കാവു കയറി മുത്തുക്കുടകളും പറവാദ്യവുമായി ദേശമന്ദങ്ങളിലേക്ക് തിരിക്കുന്ന എഴുന്നള്ളത്തുകൾ പിറ്റേന്ന് രാവിലെ തിടമ്പിറക്കുന്നു. ഇതോടെ വേലക്ക് പര്യവസാനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

