നെന്മാറ ബ്ലോക്ക്: ഇടതിന്റെ ഉരുക്കുകോട്ട
text_fieldsനെന്മാറ: ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെടുന്ന നെന്മാറ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിന് ബാലികേറാമല തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 ഡിവിഷനുകളിൽ ഒരെണ്ണം മാത്രമാണ് യു.ഡി.എഫിനു നേടാനായത്. പഞ്ചായത്ത് ൃരാജ് വന്ന കാലം തൊട്ട് ഇതുവരേക്കും ഭരണം നിലനിർത്തിയത് എൽ.ഡി.എഫായിരുന്നു. യു.ഡി.എഫിൽ കോൺഗ്രസും എൽ.ഡി.എഫിൽ സി.പി.എമ്മും തമ്മിൽ നേരിട്ടുള്ള മൽസരമാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ. ഈ വർഷം ഒരു ഡിവിഷൻ വർധിച്ച് 14 ഡിവിഷനുകളാണ് ഉള്ളത്.
അയിലൂർ, നെന്മാറ, നെല്ലിയാമ്പതി, മേലാർക്കോട്, എലവഞ്ചേരി, പല്ലശ്ശന, വണ്ടാഴി എന്നിങ്ങനെ ഏഴുപഞ്ചായത്തുകളാണ് നെന്മാറ ബ്ലോക്കിൽ ഉൾപ്പെടുന്നത്. ഇതിൽ അയിലൂർ, നെന്മാറ, മേലാർക്കോട് പഞ്ചായത്തുകളിലെ ഡിവിഷനുകളിൽ മാത്രമാണ് യു.ഡി.എഫിനു സ്വാധീനവും പ്രതീക്ഷയുമുള്ളത്. എന്നാൽ കർഷകരും കർഷകത്തൊഴിലാളികളും പിന്നാക്ക വിഭാഗങളും നിർണായക ശക്തിയാവുന്ന ബ്ലോക്കിലെ എൽ.ഡി.എഫിന് തെരഞ്ഞെടുപ്പള ഫലത്തെക്കുറിച്ച് തെല്ലും ആശങ്കയുമില്ല. ബി.ജെ.പിയും മറ്റു കക്ഷികളും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഒരു കാലത്തും സ്വാധീനം ചെലുത്താനായിരുന്നില്ല.
ഇത്തവണയും കാര്യങ്ങൾ വ്യത്യസ്തമാകാനിടയില്ലെന്നാണ് സൂചന. നെന്മാറ ബ്ലോക്ക് ഡിവിഷൻ പൂർണമായും ചുവപ്പിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ തങ്ങളുടെ സ്വാധീന മേഖലകളിൽ നിലയുറപ്പിച്ച് നേടാനാണ് യു.ഡി.എഫിന്റെ പരിശ്രമം. സി.പി.എമ്മിലെ സി. ലീലാമണിയാണ് നിലവിൽ പ്രസിഡന്റ്. സി.പി.എമ്മിലെ തന്നെ ശ്രീജ രാജീവാണ് വൈസ് പ്രസിഡന്റ്. ബ്ലോക്കിലെ വികസന വിഷയങ്ങളാണ് ഭരണകക്ഷിയുടെ പ്രധാന പ്രചരണായുധം. എന്നാൽ പല ഡിവിഷനുകളിലേയും പിന്നാക്കാവസ്ഥയാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

