ദേശീയ സരസ് മേള: പവലിയൻ നിർമാണം തുടങ്ങി
text_fieldsകൂറ്റനാട്: ചാലിശേരി മുലയംപറമ്പ് മൈതാനത്ത് ജനുവരി രണ്ട് മുതൽ 11വരെ നടക്കുന്ന ഗ്രാമീണ സ്ത്രീ സംരംഭക വ്യാപാരോത്സവമായ ദേശീയ സരസ് മേളക്കുള്ള പവലിയൻ നിർമാണങ്ങൾ തുടങ്ങി. വലിയ മൈതാനത്താണ് മൂന്ന് വേദികളുടെ പണികൾ തുടങ്ങിയത്. സ്റ്റാൾ, ഫുഡ് കോർട്ട്, പ്രധാനവേദി തുടങ്ങി മൂന്ന് വേദികൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം ചതുരശ്രടി വലിപ്പമുള്ള പന്തലുകളുടെ പണികളാണ് നടക്കുന്നത്. കൊല്ലം അസീസ് കമ്പനിക്കാണ് നിർമാണ ചുമതല. 15ഓളം പേർ മൈതാനത്ത് താമസിച്ചാണ് പന്തൽ പണി നടത്തുന്നത്.
ജനുവരി രണ്ടിന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി, പൊന്നാനി, പാലക്കാട് എം.പിമാരായ അബ്ദുൾ സമദ് സമദാനി, വി.കെ. ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽനിന്ന് എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 250 പ്രദർശന വിപണന സ്‌റ്റാളുകളിൽ കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. ഫുഡ്‌കോർട്ട്, സംഗീത നൃത്തനിശകൾ, സെമിനാറുകൾ, പുഷ്പമേള എന്നിവയും ഉണ്ടാകും.
ജനുവരി 11ന് വൈകീട്ട് ആറിന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, സജി ചെറിയാൻ, ആർ. ബിന്ദു, പി. രാജീവ്, പി. പ്രസാദ്, അബ്‌ദുറഹിമാൻ, ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ, മഞ്ജുവാര്യർ എന്നിവർ പങ്കെടുക്കും. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്‌ച വരെ ഗൃഹസന്ദർശനവും 28ന് ശുചീകരണ പ്രവർത്തനങ്ങളും നടക്കും. 30ന് കൂട്ടുപാത മുതൽ ചാലിശേരി വരെ മിനി മാരത്തണും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

