പ്രതിസന്ധികള്‍ വഴിമാറി; ദേശീയപാത നവീകരണം ത്വരിതഗതിയിൽ
text_fieldsകുന്തിപ്പുഴ ഭാഗത്ത് ദേശീയപാത നവീകരണം പുരോഗമിക്കുന്നു
മണ്ണാര്‍ക്കാട്: കാലവര്ഷമടക്കം പ്രതിസന്ധികള്‍ വഴിമാറിയതോടെ കുന്തിപ്പുഴ ഭാഗത്ത് ദേശീയപാത നവീകരണം അന്തിമ ഘട്ടത്തിലേക്ക്. എം.ഇ.എസ് കല്ലടി കോളജ് മുതല്‍ കുന്തിപ്പുഴ വരെ പാതയുടെ ഇരുവശത്തുമായി നടപ്പാത, കൈവരി, കട്ടവിരിക്കല്‍, അഴുക്കുചാല്‍ തുടങ്ങിയ പ്രവൃത്തികള്‍ ത്വരിതഗതിയിലാണ്.
കോളജ് പരിസരത്താണ് നടപ്പാതയില്‍ കൈവരി സ്ഥാപിക്കലും കട്ടവിരിക്കലും പൂര്‍ത്തിയായി വരുന്നത്. കുന്തിപ്പുഴ പാലത്തിന് സമീപം അഴുക്കുചാല്‍ പ്രവൃത്തികളും നടക്കുന്നു. കല്ലടി കോളജ് പരിസരത്ത് റോഡിന് ഇരുവശത്തുമായി ബസ് സ്റ്റോപ്പ് സ്ഥാപിക്കല്‍, കല്ലടി സ്കൂള്‍, കോളജ്, ഇ.എം.എസ് സ്കൂള്‍ എന്നിവക്ക് സമീപം സീബ്ര ലൈന്‍ വരക്കല്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികളും കാലതാമസം കൂടാതെ നടത്തുമെന്ന് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയപാത വികസന പ്രവൃത്തികള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടാണ് കല്ലടി കോളജ് പരിസരത്ത് നിർമാണം പുനരാരംഭിച്ചത്. സ്ഥലലഭ്യതയും റോഡിന്റെ രൂപകൽപന മാറ്റുന്നതുമായും ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രവൃത്തികളെ പ്രതികൂലമായി ബാധിച്ചത്. കോളജ് അധികൃതര്‍ സ്ഥലം വിട്ടുനല്‍കിയതോടെ സ്ഥലമെടുപ്പ് പ്രശ്നം തീര്‍ന്നെങ്കിലും ഇവിടെ റോഡ് താഴ്ത്തിനിര്മിക്കാൻ അധിക സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന്റെ അനുമതി വേണമായിരുന്നു. ഇത് വൈകിയതോടെ നവീകരണം പാതിവഴിയില്‍ നിലച്ചു. കോളജ് പരിസരം ഗതാഗതക്കുരുക്കിന്റെ കേന്ദ്രമായി മാറുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ ദേശീയപാത അധികൃതരില്‍നിന്ന് അനുമതി ലഭ്യമായ ശേഷമാണ് കല്ലടി കോളജ് പരിസരത്ത് നവീകരണം ആരംഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ടാറിങ് കഴിഞ്ഞതോടെയാണ് നടപ്പാത നിര്‍മാണമടക്കമുള്ള പ്രവൃത്തികളിലേക്ക് കരാര്‍ കമ്പനി കടന്നത്. റോഡ് വീതി കൂട്ടി ടാറിങ് പൂര്‍ത്തിയായതോടെ ഗതാഗതം സുഗമമായി. ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാത വന്നതോടെ പുതിയ മുഖച്ഛായയും കൈവരികയാണ്.
മാസങ്ങള്‍ക്ക് മുമ്പ് നവീകരണം പുനരാരംഭിച്ചതെങ്കിലും തോരാമഴ പ്രവൃത്തികളെ ബാധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ കുന്തിപ്പുഴ ഭാഗത്ത് നവീകരണം പൂര്‍ത്തിയാകുമെന്ന് കരാര്‍ കമ്പനി അറിയിച്ചു. ഇതോടെ മണ്ണാര്‍ക്കാട് പരിസരത്തെ ദേശീയപാത വികസനം സമ്പൂര്‍ണമാകും. നാല് വര്‍ഷം മുമ്പാണ് കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ താണാവ് മുതല്‍ നാട്ടുകല്‍ വരെ നവീകരണം ആരംഭിച്ചത്.
കാല്‍നടയാത്രക്കാരായ വിദ്യാർഥികളുടെ സുരക്ഷക്കായി കല്ലടി ഹയര്‍ സെക്കൻഡറി സ്കൂള്‍ മുതല്‍ കുമരംപുത്തൂര്‍ വരെ റോഡിന് ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. പ്രോജക്ടില്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തിൽ കരാര്‍ കമ്പനിയും നിസ്സഹായരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

