റോപ്പ് വേയിൽനിന്ന് ചെക്ക് ഡാമിൽ വീണ സ്വർണാഭരണം മുങ്ങിയെടുത്ത് മുസ്തഫ
text_fieldsമലമ്പുഴ ചെക്ക്ഡാമിൽനിന്ന് മുങ്ങിയെടുത്ത സ്വർണാഭരണം മുസ്തഫ മലമ്പുഴ ഉടമകളായ ദമ്പതികൾക്ക് തിരികെ നൽകുന്നു
പാലക്കാട്: മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കുന്നതിനിടെ ചെക്ക് ഡാമിൽ നഷ്ടപ്പെട്ട ദമ്പതികളുടെ സ്വർണാഭരണം സാഹസികമായി തിരികെ എടുത്ത് നൽകി നീന്തൽ പരിശീലകൻ മുസ്തഫ (51). ഉദ്യാനത്തിനകത്തുള്ള ചെക്ക് ഡാമിൽ ആഴമേറിയ ഭാഗത്താണ് കോയമ്പത്തൂർ സ്വദേശികളായ ദമ്പതികളുടെ മൂന്ന് പവന്റെ കൈചെയിൻ അഴിഞ്ഞുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ദമ്പതികൾ ടൂറിസം പൊലീസിനെ വിവരം അറിയിക്കുകയും അവർ മലമ്പുഴ പൊലീസിനെ അറിയിക്കുകയും ചെയ്തു.
മലമ്പുഴ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് മുസ്തഫ ശനിയാഴ്ച ചെക്ക്ഡാമിൽ ഇറങ്ങി സ്വർണാഭരണം മുങ്ങിയെടുത്തത്. ഏകദേശം ഒന്നര മണിക്കൂറോളം നടത്തിയ പ്രയത്നത്തിലാണ് ആഭരണം ലഭിച്ചത്. ഇലകൾ ഉൾപ്പെടെ ധാരാളം മാലിന്യങ്ങൾ അടിയുന്ന സ്ഥലമായതിനാൽ ആഭരണം തപ്പിയെടുക്കൽ പ്രയാസകരമായിരുന്നുവെന്നും ദമ്പതികളുടെ ഭാഗ്യം കൊണ്ടാണ് സ്വർണം തിരിച്ചുകിട്ടിയതെന്നും മുസ്തഫ പറഞ്ഞു.
ടീം വെൽഫെയർ വൈസ് ക്യാപ്റ്റനായ മുസ്തഫ മലമ്പുഴ വാട്ടർ റെസ്ക്യു പരിശീലകൻ കൂടിയാണ്. ചെറുപ്പം മുതൽ ഈ മേഖലയിലുള്ള മുസ്തഫ ജില്ലക്ക് അകത്തും പുറത്തുമായി നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഡാമിൽ മൃതദേഹങ്ങൾ കണ്ടാലും പൊലീസ് മുസ്തഫയുടെ സഹായം തേടാറുണ്ട്. മലമ്പുഴ കരടിയോട് സ്വദേശിയാണ് മുസ്തഫ. ഭാര്യ നഫീസ, മക്കളായ സന, ഷാൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

