21 കോടി ചെലവിൽ മണ്ണാർക്കാട്ട് നഗരസഭ ബസ് സ്റ്റാൻഡും ഓഫിസും
text_fieldsമണ്ണാർക്കാട്ട് നഗരസഭ ബസ് സ്റ്റാൻഡ് രൂപരേഖ
മണ്ണാര്‍ക്കാട്: ബസ് സ്റ്റാൻഡ് വികസനത്തിന് ബൃഹദ് പദ്ധതിയുമായി നഗരസഭ. നഗരത്തില്‍ ആധുനിക രീതിയിലുള്ള നഗരസഭാ കെട്ടിടവും ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കാനാണ് 21 കോടി രൂപയുടെ പദ്ധതിക്ക് നഗരസഭ രൂപം നൽകിയത്. പദ്ധതികളുടെ രൂപരേഖ നഗരസഭ ഹാളില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.
ധനകാര്യ വകുപ്പില്‍നിന്നും അനുമതി ലഭ്യമാകുന്ന മുറക്ക് നിര്‍മാണം ആരംഭിക്കുമെന്നും ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന നഗരസഭ ബസ് സ്റ്റാൻഡിന്റെ നവീകരണം ഏറെ കാലത്തെ ആവശ്യമാണ്. നഗരസഭ കെട്ടിടവും സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്നുണ്ട്. അണ്ടര്‍ ഗ്രൗണ്ട്, ഗ്രൗണ്ട് ഫ്ലോര്‍ ഉൾപ്പെടെ അഞ്ച് നിലകളിലുള്ള ബഹുനില കെട്ടിടമാണ് നിർമിക്കുക.
നിലവില്‍ നഗരസഭ കാര്യാലയും ബസ് സ്റ്റാൻഡും സ്ഥിതി ചെയ്യുന്ന ഒന്നരയേക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിക്കുക. ഒരേ സമയം എട്ടു ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബസ് ബേ, ഷീ ലോഡ്‌ജ്, 27 മുറികളോടു കൂടിയ ഷോപ്പിങ് കോംപ്ലക്‌സ്, നാലു ചക്ര വാഹനങ്ങള്‍, ഇരു ചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവക്കായി പാര്‍ക്കിങ്, പൊലീസ് എയ്ഡ് പോസ്റ്റ്, കെയര്‍ ടേക്കര്‍ റൂം, ഫീഡിങ് റൂം, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സൻ, സ്ഥിരം സമിതി അധ്യക്ഷര്‍, സെക്രട്ടറി തുടങ്ങിയവരുടെ ചേംബര്‍, ഗാലറിയോടു കൂടിയ കൗണ്‍സില്‍ ഹാൾ എന്നിവ നിര്‍മിക്കും. രണ്ടാം നിലയിലാണ് ഓഫിസ്.നിര്‍മാണ പ്രവൃത്തിക്കുള്ള 21 കോടിയിൽ അഞ്ച് കോടി രൂപ സര്‍ക്കാറില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാക്കി തുക വായ്പയെടുക്കാനുമാണ് തീരുമാനം. എം.പി, എം.എല്‍.എ ഫണ്ട് ലഭ്യമാക്കാനും ശ്രമം നടത്തും. നികുതി കുടിശ്ശിക പിരിച്ചെടുത്തും വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

